വെള്ളിയാഴ്ച രാവിലെ നേരത്തെ എഴുന്നേറ്റ് മക്കളെ നെറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടുപോകാനൊരുങ്ങുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഭാര്യ റിയാന ഫോണെടുത്ത് നോക്കിയ വോണ്‍ മരിച്ചുവെന്ന വാര്‍ത്ത എന്നോട് പറഞ്ഞത്. അത് കേട്ടതും ഭാര്യയുടെ കൈയില്‍ നിന്ന് ഞാന്‍ ഫോണ്‍ തട്ടിപ്പറിച്ചു.

സിഡ്നി: ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ച സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്‍റെ(Shane Warne) അപ്രതീക്ഷിത മരണത്തിന് പിന്നാലെ വോണുമായുള്ള ഓര്‍മകള്‍ പങ്കുവെച്ച് മുന്‍ ഓസീസ് ക്യാപ്റ്റനും വോണിന്‍റെ സഹതാരവുമായിരുന്ന റിക്കി പോണ്ടിംഗ്(Ricky Ponting). വോണ്‍ മരിച്ചുവെന്ന യാഥാര്‍ത്ഥ്യം തനിക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് പോണ്ടിംഗ് പറഞ്ഞു. വോണിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും ടിവിയില്‍ കാണുമ്പോള്‍ അത് കാണാനുള്ള കരുത്തില്ലാതെ താന്‍ ടിവി ഓഫാക്കുകയാണിപ്പോള്‍ ചെയ്യുന്നതെന്നും ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ കണ്ണീരണിഞ്ഞ് പോണ്ടിംഗ് വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെ നേരത്തെ എഴുന്നേറ്റ് മക്കളെ നെറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടുപോകാനൊരുങ്ങുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഭാര്യ റിയാന ഫോണെടുത്ത് നോക്കിയ വോണ്‍ മരിച്ചുവെന്ന വാര്‍ത്ത എന്നോട് പറഞ്ഞത്. അത് കേട്ടതും ഭാര്യയുടെ കൈയില്‍ നിന്ന് ഞാന്‍ ഫോണ്‍ തട്ടിപ്പറിച്ചു. ആ വാര്‍ത്ത വായിച്ചു നോക്കി. എനിക്കത് വിശ്വസിക്കാനായില്ല. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. വോണിയെക്കുറിച്ചുള്ള ഓര്‍മകള്‍ വരുമ്പോള്‍ ഇപ്പോഴും എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. ഇന്നും ടിവിയില്‍ വോണിക്ക് ആരദാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും കണ്ടു. അത് കണ്ട് നിക്കാന്‍ എനിക്കാവുന്നില്ല. അതുകൊണ്ട് ഞാനത് ഓഫ് ചെയ്തു.

വോണ്‍ തിരിച്ചുവരുമായിരുന്നെങ്കില്‍ എന്തു പറയുമായിരുന്നു എന്ന ചോദ്യത്തിന്, ഞാനവനെ അത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് പറയുമായിരുന്നു,അതെനിക്ക് ഒരിക്കലും പറയാന്‍ കഴിഞ്ഞില്ല, അതാണെന്‍റെ ദു:ഖം, കണ്ണീര്‍ തുടച്ചുകൊണ്ട് പോണ്ടിംഗ് പറഞ്ഞു. കഠിനമായ ദിവസങ്ങളാണ് കടന്നുപോകുന്നത്. പക്ഷെ അതുകൊണ്ടുതന്നെ വോണിന്‍റെ ജിവിതം നമുക്കെല്ലാവര്‍ക്കും ഒരു പാഠം കൂടിയാണ്. സ്വന്തം ജീവിതത്തില്‍ എത്രമാത്രം കരുതലോടെ ജീവിക്കണമെന്നതിന്.

View post on Instagram

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കമന്‍ററിയില്‍ സജീവമായപ്പോഴും വോണ്‍ മികച്ചൊരു പരിശീലകന്‍ കൂടിയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം വോണ്‍ പരിശീലിപ്പിക്കുന്ന നൂറ് കണക്കിന് സ്പിന്നര്‍മാരുടെ ചിത്രങ്ങളാണ് ഞാന്‍ കണ്ടത്. സ്റ്റീവ് സ്മിത്തിന്‍റെ തുടക്കകാലത്തും അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെയും അദ്ദേഹം ഒരുപാട് സഹായിച്ചിരുന്നു. അവര്‍ തമ്മിലുള്ള സംഭാഷണമൊന്നു സങ്കല്‍പ്പിച്ചുനോക്കു-പോണ്ടിംഗ് പറഞ്ഞു.

Scroll to load tweet…

വെള്ളിയാഴ്ച രാത്രിയാണ് ഷെയ്ന്‍ വോണിനെ(52) തായ്‌ലന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കാനെത്തിയതായിരുന്നു വോണ്‍. ഹൃദയാഘാതമാണ് മരണകാരണമെന്നും പ്രാഥമിക പരിശോധനക്കുശേഷം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.