ഐപിഎല്‍ 2023ല്‍ കെകെആറിനായി പുറത്തെടുത്ത ഗംഭീര പ്രകടനമാണ് റിങ്കു സിംഗിനെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കിയത്
അലിഗഢ്: ഐപിഎല്‍ പതിനാറാം സീസണിലെ മിന്നും പ്രകടനത്തോടെ ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റിനുള്ള ഇന്ത്യന്‍ പുരുഷ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താരമാണ് റിങ്കു സിംഗ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സ്റ്റാര്‍ ഫിനിഷറായി റിങ്കു പേരെടുത്തിരുന്നു. ഇതിന് പിന്നാലെതന്നെ റിങ്കു ഇന്ത്യന്‍ ടീമിലെത്തും എന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും ഏഷ്യാഡിലേക്കാണ് ആദ്യ ഇന്ത്യന്‍ ക്ഷണം എത്തിയത്. ചൈന വേദിയാവുന്ന ഏഷ്യന്‍ ഗെയിംസിലേക്ക് തന്‍റെ ആരാധകരെയെല്ലാം കാണികളായി ക്ഷണിച്ചിരിക്കുകയാണ് റിങ്കു സിംഗ്. മാത്രമല്ല, അലിഗഢില്‍ നിന്നുള്ള തന്‍റെ ഒരു ആരാധകന്‍റെ മുഴുവന്‍ ചിലവുകളും താന്‍ വഹിക്കുമെന്ന ഉറപ്പും നല്‍കി കയ്യടി വാങ്ങുകയാണ് താരം.
ഐപിഎല്‍ 2023ല്‍ കെകെആറിനായി പുറത്തെടുത്ത ഗംഭീര പ്രകടനമാണ് റിങ്കു സിംഗിനെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കിയത്. തുടര്‍ച്ചയായ അഞ്ച് പന്തുകള്‍ സിക്‌സ് പറത്തിയുള്ള റിങ്കുവിന്‍റെ വിളയാട്ടം കയ്യടിവാങ്ങിയിരുന്നു. ചൈനയിലെ ഹാങ്ഝൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലാണ് റിങ്കു സിംഗിനെ ഇനി ആരാധകര്‍ക്ക് കാണാനാവുക. ചൈനയില്‍ സ്വര്‍ണ മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ യുവനിര ഇറങ്ങുമ്പോള്‍ സാക്ഷ്യം വഹിക്കാന്‍ തന്‍റെ ആരാധകരെയെല്ലാം ചൈനയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് താരം. ഏഷ്യാഡ് ടീമിലേക്ക് ക്ഷണിക്കപ്പെട്ടതിന് ശേഷം അലിഗഢ് സ്പോര്‍ട്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച അഭിനന്ദന ചടങ്ങില്‍ വച്ചാണ് റിങ്കു സിംഗ് ആരാധകരെ ചൈനയിലേക്ക് ക്ഷണിച്ചത്. ഇതിനൊപ്പം തന്‍റെ വലിയ പിന്തുണക്കാരനായ അര്‍ജുന്‍ സിംഗ് ഫകീരയുടെ മുഴുവന്‍ ചിലവുകളും വഹിക്കുമെന്ന ഉറപ്പ് ചടങ്ങില്‍ വച്ച് നല്‍കുകയും ചെയ്തു താരം. ചൈനയിലേക്കുള്ള യാത്രാ ചിലവുകളും താമസ ചിലവുകളും താന്‍ വഹിക്കും എന്നാണ് റിങ്കുവിന്‍റെ വാഗ്‌ദാനം.
ആദ്യമായാണ് ബിസിസിഐ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളെ ഏഷ്യന്‍ ഗെയിംസിന് അയക്കുന്നത്. ഏഷ്യാഡില്‍ ക്രിക്കറ്റ് മത്സരയിനമായ 2010ലും 2014ലും ഇന്ത്യ ടീമുകളെ അയച്ചിരുന്നില്ല. പുരുഷന്‍മാരുടെ വിഭാഗത്തില്‍ രണ്ടാംനിര ടീമും വനിതകളില്‍ പ്രധാന ടീമുമാണ് സ്വര്‍ണ പ്രതീക്ഷയുമായി രാജ്യത്തിന്‍റെ അഭിമാനം കാക്കാനായി മത്സരിക്കുക.
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം: റുതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ്മ, റിങ്കു സിംഗ്, ജിതേശ് ശര്‍മ്മ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്‌സിമ്രാന്‍ സിംഗ്.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: യഷ് താക്കൂര്‍, സായ് കിഷോര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, സായ് സുദര്‍ശന്‍.
Read more: അംപയറിംഗ് ഇന്ത്യ എയ്ക്ക് പണി തന്നു; എമേര്‍ജിംഗ് ഏഷ്യാ കപ്പ് കിരീടം ഉയര്‍ത്തി പാക് എ
