ചെന്നൈ: ബാറ്റിംഗിന്‍റെ കാര്യമെടുത്താല്‍ റിഷഭ് പന്ത് പ്രതിഭാസമാണെങ്കിലും കീപ്പിംഗിന്‍റെ കാര്യം വരുമ്പോള്‍ വെറും ശിശുവാണെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനി. വിക്കറ്റ് കീപ്പിംഗില്‍ റിഷഭ് പന്ത് ഇനിയുമേറെ പഠിക്കാനുണ്ടെന്നും കിര്‍മാനി പറഞ്ഞു.

വിക്കറ്റ് കീപ്പിംഗിന്‍റെ അടിസ്ഥാന പാഠങ്ങള്‍ റിഷഭ് പന്ത് ആദ്യം ശരിയാക്കണം. സ്റ്റംപിന് അടുത്ത് നിന്ന് കീപ്പ് ചെയ്യുമ്പോഴാണ് ഒരു വിക്കറ്റ് കീപ്പറുടെ യഥാര്‍ത്ഥ മികവ് അളക്കാന്‍ കഴിയുക. റിഷഭ് പന്തിന് പേസ് ബൗളര്‍മാരുടെ പന്തുകള്‍ കീപ്പ് ചെയ്യാന്‍ കഴിയും. കാരണം പന്ത് പിടിക്കാന്‍ അദ്ദേഹത്തിന് ധാരാളം സമയവും ദൂരവും ലഭിക്കും. സ്വിംഗിനും ബൗണ്‍സിനും അനുസരിച്ച് ഇരുവശങ്ങളിലേക്ക് നീങ്ങാനുമാവും. എന്നാല്‍ വിക്കറ്റിന് അടുത്ത് നില്‍ക്കുമ്പോള്‍ അങ്ങനെയല്ല.

ബാറ്റിംഗില്‍ റിഷഭ് പന്ത് പ്രതിഭാധനനാണെങ്കിലും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാറ്റ് ചെയ്യാന്‍ അദ്ദേഹം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ടെസ്റ്റില്‍ പക്വതയോടെ കളിച്ച് അദ്ദേഹം ഇന്ത്യക്ക് ജയം സമ്മാനിച്ചു. എന്നാല്‍ ജയം സമ്മാനിക്കാവുന്ന ഒട്ടേറെ അവസരങ്ങളില്‍ അദ്ദേഹം വിക്കറ്റ് വലിച്ചെറിഞ്ഞിട്ടുമുണ്ട്. ചെന്നൈ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിലും അത് കണ്ടു.

എണ്‍പതുകളിലെത്തുമ്പോള്‍ സ്വാഭാവികമായും ബാറ്റ്സ്മാന്‍ പിന്നീട് സെഞ്ചുറിയാവും ലക്ഷ്യമിടുക. ആ സമയത്ത് നിങ്ങള്‍ ആക്രമിച്ചു കളിക്കിന്ന താരമാണോ എന്നതൊന്നുമല്ല പ്രസക്തം. സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭത്തിനും അനുസരിച്ച് ബാറ്റ് വീശുക എന്നതു തന്നെയാണ്. ഓസ്ട്രേലിയയില്‍ അദ്ദേഹം കളിച്ച രീതി എനിക്കിഷ്ടപ്പെട്ടു. പ്രതിരോധിക്കേണ്ടതിന്‍റെ പ്രതിരോധിച്ചും അടിച്ചകറ്റേണ്ടതിനെ അടിച്ചകറ്റിയുമാണ് അവിടെ അദ്ദേഹം കളിച്ചത്.

അതുപോലെയാണ് എല്ലാ ഇന്നിംഗ്സും കെട്ടിപ്പടുക്കേണ്ടത്. പ്രായം ഇരുപതുകളുടെ തുടക്കത്തിലാണെന്നതിനാല്‍ പരിചയസമ്പത്തുകൊണ്ട് റിഷഭ് പന്ത് ഇക്കാര്യങ്ങളൊക്കെ മനസിലാക്കുമെന്ന് പ്രതീക്ഷിക്കാമെന്നും കിര്‍മാനി പറഞ്ഞു. 1983ലെ ഇന്ത്യയുടെ ലോകകപ്പ് ജയിച്ച ടീമില്‍ അംഗമായിരുന്ന കിര്‍മാനി 1976 മുതല്‍ 1986വരെ ഇന്ത്യക്കായി 88 ടെസ്റ്റിലും 49 ഏകദിനത്തിലും വിക്കറ്റ് കീപ്പറായിരുന്നിട്ടുണ്ട്.