ഐപിഎല്‍ 18-ാം സീസണില്‍ മോശം ഫോമിലൂടെ കടന്നുപോകുന്ന റിഷഭ് പന്തിന്റെ പ്രകടനം ആശങ്കയുണ്ടാക്കുന്നു. 

ലക്‌നൗ: ഐപിഎല്‍ 18-ാം സീസണിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു റിഷഭ് പന്ത്. ലേലത്തില്‍ കൂടുതല്‍ തുക നേടിയ തിളങ്ങിയ താരം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് ഫോമിലല്ലാത്തതിന്റെ പേരിലാണ്. മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ ഒന്നും ചെയ്യാനാവാതെ പുറത്തായ നിരാശ ക്യാപ്റ്റന്‍ റിഷഭ് പന്തിനുണ്ടാവും. ആദ്യ പന്തില്‍ ബൗണ്ടറി നേടി രണ്ടാം പന്തില്‍ പുറത്ത്. ലക്‌നൗവിന്റെ മധ്യനിരയുടെപൂര്‍ണ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ട പന്ത് ഏറെക്കുറെ മോശം ഫോമിലാണ് ഇത്തവണ. 9 മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ച്വറി മാത്രം. രണ്ടക്കം കടന്നത് മൂന്ന് തവണ. രണ്ട് തവണ സംപൂജ്യന്‍. 

ക്യാപ്റ്റന്‍സിയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോഴാണ് ബാറ്റിങ്ങില്‍ താരം പരാജയപ്പെടുന്നത്. ഫോമിലേക്ക് തിരികെ എത്താന്‍ പോന്നൊരു പ്രകടനം പന്ത് നടത്തുന്നില്ല എന്ന പരാതി ആരാധകര്‍ക്കുണ്ട്. സീസണില്‍ മൂന്ന് തവണയാണ് താരം റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച് പുറത്തായത്. റണ്‍സ് കണ്ടെത്താന്‍ ആത്മവിശ്വാസക്കുറവുള്ള താരം വെറൈറ്റി ഷോട്ടിന് ശ്രമിച്ച് പുറത്താവുന്നത് എന്തിനെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വാഹനാപകടത്തില്‍ നിന്ന് തിരിച്ചുവന്ന കഴിഞ്ഞ സീസണില്‍ പോലും പന്ത് ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.

പല പൊസിഷനില്‍ കളിക്കാനിറങ്ങുന്നതും പന്തിന്റെ ഫോമിനെ ബാധിക്കുന്നുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ക്രീസിലെത്തി ഈസിയായി കളിച്ചുകൊണ്ടിരുന്നു പന്തേ അല്ല ഇപ്പോള്‍. പന്തിന്റെ ഫോം ലക്‌നൗവിന് മാത്രമല്ലടീം ഇന്ത്യയ്ക്കും നിര്‍ണായകമാണ്. ജൂണില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പന്തിന് പകരം വെക്കാന്‍ പോന്നൊരു താരമില്ല ഇന്ത്യയ്ക്ക്. ആത്മവിശ്വാസം വീണ്ടെടുത്ത് വരും മത്സരങ്ങളില്‍ പന്ത് തിരിച്ച് വരുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ.

സില്‍ 360 ഡിഗ്രിയില്‍ കറങ്ങിയും തിരിഞ്ഞും മറിഞ്ഞും ഏത് പന്തും ബൗണ്ടറി പായിക്കുന്ന അഗ്രസീവ് പന്ത് ആത്മവിശ്വാസത്തടെ തിരികെ എത്തുമെന്ന് പ്രതീക്ഷിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.