Asianet News MalayalamAsianet News Malayalam

സഞ്ജുവിനേയും വെട്ടി റിഷഭ് പന്ത് കുതിക്കുന്നു! റണ്‍വേട്ടക്കാരില്‍ ആദ്യ മൂന്നില്‍, സഞ്ജുവിന് തിരിച്ചടി

ഒമ്പത് മത്സരങ്ങളില്‍ 342 റണ്‍സാണ് പന്ത് നേടിയത്. 48.86 ശരാശരിയും 161.32 സ്ട്രൈക്ക് റേറ്റും പന്തിനുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലി ഒന്നാമത് തുടരുന്നു.

rishabh pant back to top three of most run getters in ipl 2024
Author
First Published Apr 25, 2024, 9:13 AM IST

ദില്ലി: ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് ഡല്‍ഹി കാപിറ്റല്‍സ് ക്യാപറ്റന്‍ റിഷഭ് പന്ത്. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 43 പന്തില്‍ പുറത്താവാതെ 88 റണ്‍സ് നേടിയതോടെയാണ് പന്ത് മൂന്നാം സ്ഥാനത്തേക്ക് കയറിയത്. ഒമ്പത് മത്സരങ്ങളില്‍ 342 റണ്‍സാണ് പന്ത് നേടിയത്. 48.86 ശരാശരിയും 161.32 സ്ട്രൈക്ക് റേറ്റും പന്തിനുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലി ഒന്നാമത് തുടരുന്നു. എട്ട് മത്സരങ്ങളില്‍ 379 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 63.17 ശരാശരിയിലും 150.40 സ്ട്രൈക്ക് റേറ്റുമാണ് കോലിക്കുള്ളത്. 

ഇവര്‍ക്കിടയില്‍ രണ്ടാം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദാണ്. കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ 60 പന്തില്‍ പുറത്താവാതെ 108 റണ്‍സ് നേടിയതോടെയാണ് ഗെയ്കവാദ് രണ്ടാം സ്ഥാനത്തേക്ക് കയറിയത്. എട്ട് മത്സരങ്ങളില്‍ 349 റണ്‍സാണ് ഗെയ്കവാദിന്റെ സമ്പാദ്യം. 58.17 ശരാശരിയും 142.45 സ്ട്രൈക്ക് റേറ്റും ഗെയ്കവാദിനുണ്ട്. മൂന്നാം സ്ഥാനത്തുള്ള പന്തിന് പിന്നില്‍ ഗുജറാത്തിന്റെ സായ് സുദര്‍ശനാണ്. ഒമ്പത് മത്സരങ്ങളില്‍ 334 റണ്‍സാണ് സായി നേടിയത്. 

ഇതോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡ് അഞ്ചാം സ്ഥാനത്തായി. ആറ് ഇന്നിംഗ്‌സുകള്‍ മാത്രം കളിച്ച ഹെഡിന് ഇപ്പോള്‍ 324 റണ്‍സുണ്ട്. 54.00 ശരാശരിയിലാണ് നേട്ടം. 216.00 സ്‌ട്രൈക്ക് റേറ്റും ഓസ്‌ട്രേലിയന്‍ താരത്തിനുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ് ആറാം സ്ഥാനത്ത്. ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് 318 റണ്‍സ് പരാഗ് നേടിയിട്ടുണ്ട്. 63.60 ശരാശരിയിലും 161.42 സ്‌ട്രൈക്ക് റേറ്റിലുമാണ് പരാഗ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. മുംബൈക്കെതിരായ അവസാന മത്സരത്തില്‍ താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. 

രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും രണ്ട് സ്ഥാനം നഷ്ടപ്പെട്ടു. എട്ട് മത്സരങ്ങളില്‍ 62.80 ശരാശരിയില്‍ 314 റണ്‍സുള്ള സഞ്ജു നിലവില്‍ ഏഴാമതാണ്. 152.43 സ്‌ട്രൈക്കറ്റ് റേറ്റും സഞ്ജുവിനുണ്ട്. മുംബൈക്കെതിരായ മത്സരത്തിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു സഞ്ജു. മത്സരത്തില്‍ 28 പന്തില്‍ 38 റണ്‍സുമായി സഞ്ജു പുറത്താവാതെ നിന്നിരുന്നു. ലഖ്നൗവിനെതിരെ ഇന്നലെ 27 പന്തില്‍ 66 റണ്‍സ് നേടിയ ശിവം ദുബെയാണ് എട്ടാം സ്ഥാനത്ത്. എട്ട് മത്സരങ്ങളില്‍ 311 റണ്‍സ് താരം നേടി. 51.83 ശരാശരിയും 169.95 സ്ട്രൈക്ക് റേറ്റും ദുബെയ്ക്കുണ്ട്.

എല്ലാവര്‍ക്കും റിഷഭ് പന്തിനെ മതി! സഞ്ജു ഇല്ലാതെ വിരേന്ദര്‍ സെവാഗിന്റെ ടി20 ലോകകപ്പ് ടീം, രാഹുലിനും ഇടമില്ല

ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണു. ഇന്നലെ ഡല്‍ഹിക്കെതിരെ ആറ് റണ്‍സ് മാത്രമാണ് ഗില്‍ നേടിയത്. ഒമ്പത് മത്സരങ്ങളില്‍ 304 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. 38.00 ശരാശരിയിലും 146.15 സ്ട്രൈക്ക് റേറ്റിലുമാണ് ഗില്ലിന്റെ റണ്‍വേട്ട. മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ പത്താം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 303 റണ്‍സാണ് രോഹിത് നേടിയത്. 43.29 ശരാശരിയുണ്ട് രോഹിത്തിന്. 162.90 സ്ട്രക്ക് റേറ്റും.

Follow Us:
Download App:
  • android
  • ios