അപകടത്തിന് ശേഷം ആദ്യമായാണ് റിഷഭ് പന്ത് ഒരു പൊതുവേദിയില്‍ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. കയ്യടികളോടെ ആരാധകര്‍ റിഷഭിനെ വരവേറ്റത്. റിഷഭ് പന്തിന് പകരം ഡേവിഡ് വാര്‍ണറാണ് ഇത്തവണ ക്യാപിറ്റല്‍സിനെ നയിക്കുന്നത്.

ദില്ലി: ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളെയും ആരാധകരേയും ആവേശത്തിലാഴ്ത്തി റിഷഭ് പന്ത് അരുണ്‍ ജയറ്റ്‌ലി സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തി. കഴിഞ്ഞ വര്‍ഷം അവസാനം സംഭവിച്ച കാര്‍ അപകടത്തിന് ശേഷം റിഷഭ് സുഖംപ്രാപിച്ച് വരികയാണ്. അപകടത്തിന് ശേഷം ആദ്യമായാണ് റിഷഭ് പന്ത് ഒരു പൊതുവേദിയില്‍ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. കയ്യടികളോടെ ആരാധകര്‍ റിഷഭിനെ വരവേറ്റത്. റിഷഭ് പന്തിന് പകരം ഡേവിഡ് വാര്‍ണറാണ് ഇത്തവണ ക്യാപിറ്റല്‍സിനെ നയിക്കുന്നത്.

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഡല്‍ഹി ഇന്ന് വിജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായാണ് ഇറങ്ങിയിട്ടുള്ളത്. അമ്മയെ കാണാന്‍ ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെ 2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. റിഷഭ് സഞ്ചരിച്ച കാര്‍ ഇടിച്ച ശേഷം തീപ്പിടിച്ചപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികില്‍സയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നാലെ മാക്‌സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്കും അവിടുന്ന് ബിസിസിഐ ഇടപെട്ട് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്കും മാറ്റി. കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷം വീട്ടില്‍ ഫിസിയോതെറാപ്പി അടക്കമുള്ള തുടര്‍ ചികില്‍സകള്‍ക്ക് വിധേയനാവുകയാണ് റിഷഭ് പന്ത് ഇപ്പോള്‍. റിഷഭിന് എപ്പോള്‍ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാനാകും എന്ന് വ്യക്തമല്ല. അതേസമയം, ഐപിഎല്ലിനില്ലാത്ത റിഷഭ് പന്തിനോടുള്ള സ്നേഹപ്രകടനമായി ഡഗ് ഔട്ടില്‍ പന്തിന്‍റെ ജേഴ്സി തൂക്കിയിട്ട ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നടപടിയില്‍ ബിസിസിഐക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ ഡല്‍ഹിയുടെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ടീമിന്‍റെ ഡഗ് ഔട്ടിന്‍റെ മുകളില്‍ റിഷഭ് പന്തിന്‍റെ പേരെഴുതിയ 17-ാം നമ്പര്‍ ജേഴ്സി തൂക്കിയിട്ട് ഡല്‍ഹി ടീം നായകനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം സ്നേഹപ്രകടനങ്ങള്‍ കടന്ന കൈയാണെന്നും അത് ഒഴിവാക്കുന്നതാണ് നല്ലതെന്നും ഡ‍ല്‍ഹി ടീം മാനേജ്മെന്‍റിനെ ബിസിസിഐ അറിയിച്ചതായാി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മിന്നൽ വേഗത്തിലെത്തി പന്ത് സ്റ്റംമ്പില്‍ കൊണ്ട് പറന്നു; എന്നിട്ടും ഭാഗ്യം തുണച്ചത് വാര്‍ണറെ, ഷമിയുടെ ഗതികേട്!