കൊല്‍ക്കത്ത: ഏകദിന, ടി20 ടീമുകളിലേ മോശം പ്രകടനങ്ങളുടെ പേരില്‍ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന യുവതാരം ഋഷഭ് പന്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ ദീപ് ദാസ് ഗുപ്ത. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ടെസ്റ്റിലും ഋഷഭ് പന്തിന്റേത് അത്ര മികച്ച പ്രകടനമല്ലെന്ന് ദീപ് ദാസ് ഗുപ്ത പറഞ്ഞു. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ വൃദ്ധിമാന്‍ സാഹ തന്നെയാണ് ടെസ്റ്റില്‍ മികച്ചതെന്നും ഗുപ്ത പറഞ്ഞു.

തോളിലേറ്റ പരിക്കിനുശേഷം തിരിച്ചുവന്ന സാഹ ആഭ്യന്തര ക്രിക്കറ്റില്‍ ബാറ്റ്സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തിരിച്ചുവരവില്‍ തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം സാഹ ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ സാഹയാണെന്ന് നിസംശയം പറയാനാവും. സാഹയുടെ ബാറ്റിംഗിനെക്കുറിച്ചുമാത്രമായിരുന്നു സംശയമുണ്ടായിരുന്നത്. പ്രത്യേകിച്ചും അഞ്ച് ബൗളര്‍മാരുമായി ഇറങ്ങുന്ന ടെസ്റ്റുകളില്‍.

എന്നാല്‍ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയശേഷം ബാറ്റിംഗിനിറങ്ങിയപ്പോഴെല്ലാം സാഹ റണ്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ എക്കായും സ്ഥിരതയാര്‍ന്ന പ്രകടനമാണ് സാഹ പുറത്തെടുത്തത്. പന്തിനെക്കാള്‍ മികച്ച ബാറ്റ്സ്മാനാണോ സാഹയെന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. എന്നാല്‍ ടെസ്റ്റില്‍ മികച്ച ബാറ്റ്സ്മാനെയാണോ മികച്ച വിക്കറ്റ് കീപ്പറെയാണോ വേണ്ടത് എന്ന് ആലോചിക്കണം.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഋഷഭ് പന്തിന് പകരം സാഹയക്ക് അവസരം നല്‍കണമെന്നും ബംഗാള്‍ ക്യാപ്റ്റന്‍ കൂടിയായിരുന്ന ദീപ് ദാസ് ഗുപ്ത പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് ഇന്നിംഗ്സുകളില്‍ 27, 24, 7 എന്നിങ്ങനെയായിരുന്നു പന്തിന്റെ സ്കോര്‍.  ഈ പരമ്പരയില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ 11 ക്യാച്ചുകളും പന്ത് കൈയിലൊതുക്കി. ബാറ്റ്സ്മാനെന്ന നിലയില്‍ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ചുറി നേടിയിട്ടുള്ള ഋഷഭ് പന്തിന്റെ ടെസ്റ്റിലെ സ്ഥാനം ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. ഒക്ടോബര്‍ 2ന് വിശാഖപട്ടണത്താണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.