മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ്- ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് നാളെയാണ്. സൗരവ് ഗാംഗുലിക്ക് കീഴില്‍ പുതിയ ബിസിസിഐ ഭരണസമിതി അധികാരമേറ്റ ശേഷമുള്ള ആദ്യ ടീം തെരഞ്ഞെടുപ്പ് കൂടിയാണിത്. സമീപകാലത്ത് മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സഞ്ജു വി സാംസണ് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം കിട്ടുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

എന്നാല്‍ സഞ്ജു വി സാംസണ് അല്‍പം നിരാശ നല്‍കുന്ന സൂചനകളാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിടുന്നത്. ഋഷഭ് പന്തിനോട് സെലക്‌ടര്‍മാരും ടീം മാനേജ്‌മെന്‍റും വീണ്ടും അനുകമ്പ കാട്ടുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

സഞ്ജുവിന്‍റെ കരിയര്‍ വെച്ച് വീണ്ടും സെലക്‌ടര്‍മാരുടെ 'പന്താട്ടം'?

എം എസ് ധോണിയുടെ പിന്‍ഗാമിയായി ഇപ്പോഴത്തെ സെലക്‌ഷന്‍ കമ്മറ്റി കണക്കാക്കുന്നത് ഋഷഭ് പന്തിനെയാണ്. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും പന്തിന് മികവിലെത്താന്‍ ആവശ്യമായ അവസരം നല്‍കാനുമാണ് സാധ്യത. ടീം മാനേജ്‌മെന്‍റും ഇതുതന്നെയാണോ ലക്ഷ്യമിടുന്നത് എന്ന് കാത്തിരുന്ന് കാണാമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

വിജയ് ഹസാരെ ട്രോഫിയിലെ റെക്കോര്‍ഡ് ഇരട്ട സെഞ്ചുറി സഞ്ജുവിന് അനുകൂലഘടകമാണ്. എന്നാല്‍ അടുത്ത് വര്‍ഷം ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ഋഷഭ് പന്തിന് കൂടുതല്‍ അവസരം നല്‍കാന്‍ സെലക്‌ടര്‍മാര്‍ തീരുമാനിച്ചാല്‍ സഞ്ജുവിന് അത് തിരിച്ചടിയാവും. ടി20യില്‍ മികവിലേക്കുയരാത്തതില്‍ പന്തിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാണ്. പന്തിന് പകരം സഞ്ജുവിന് അവസരം നല്‍കണമെന്ന് വാദിച്ച് മുന്‍താരങ്ങളുള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തുരുന്നു. 

പാണ്ഡ്യക്ക് പകരമാര്, ബുമ്ര തിരിച്ചെത്തുമോ?

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയില്‍ വിക്കറ്റിന് പിന്നില്‍ തിളങ്ങിയ വൃദ്ധിമാന്‍ സാഹയെ ടെസ്റ്റ് ടീമില്‍ നിലനിര്‍ത്താനാണ് സാധ്യത. റാഞ്ചിയില്‍ സാഹയുടെ വിരലിനേറ്റ പരിക്ക് സാരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിനെതിരെ നായകന്‍ വിരാട് കോലിക്ക് വിശ്രമം നല്‍കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ രോഹിത് ശര്‍മ്മയാകും ഇന്ത്യന്‍ ടീമിനെ നയിക്കുക. അടുത്തിടെ ശസ്‌ത്രക്രിയക്ക് വിധേയനായ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ആരാവും പകരക്കാരന്‍ എന്നതും ആകാംക്ഷയുണര്‍ത്തുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന മുംബൈ താരം ശിവം ദുബെക്കാണ് സാധ്യത കൂടുതല്‍.

മുഹമ്മദ് ഷമിയും ഉമേഷ് യാദവും മികവ് കാട്ടുന്നതിനാല്‍ പരിക്ക് പൂര്‍ണമായും ഭേദമാകാത്ത സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയുടെ കാര്യത്തില്‍ സെലക്‌‌ടര്‍മാര്‍ സാഹത്തിന് മുതിരാന്‍ സാധ്യതയില്ല. ഇശാന്ത് ശര്‍മ്മയും നവ്‌‌ദീപ് സെയ്‌നിയും പൂര്‍ണ്ണ ഫിറ്റ്‌നസിലാണ് എന്നതും ടീം തെരഞ്ഞെടുപ്പില്‍ ഘടകമാകും.