കിംഗ്സ്റ്റണ്‍: ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ മറ്റൊരു റെക്കോഡ് കൂടി ഋഷഭ് പന്ത് സ്വന്തം പേരിലാക്കി. ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് നേട്ടങ്ങളുടെ ഭാഗമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന പേരാണ് പന്തിനെ തേടിയെത്തിയത്. ധോണിയെയാണ് ഡല്‍ഹി താരം മറികടന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിന്റെ ക്യാച്ചെടുത്തപ്പോഴാണ് നേട്ടം പന്തിനെ തേടിയെത്തിയത്. 

11 ടെസ്റ്റില്‍ നിന്നാണ് പന്ത് 50 വിക്കറ്റുകളുടെ ഭാഗമായത്. ധോണി 15 ടെസ്റ്റുകില്‍ നിന്നായിരുന്നു നേട്ടം സ്വന്തമാക്കിയത്. വിക്കറ്റിന് പിന്നില്‍ റെക്കോഡുകള്‍ സ്വന്തമാക്കുമ്പോഴും പന്തിന് ബാറ്റിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നില്ല. കിംഗസ്റ്റണില്‍ ആദ്യ ഇന്നിങ്‌സില്‍ 27 റണ്‍സ് മാത്രമാണ് പന്തിന് നേടാന്‍ സാധിച്ചത്. 

ആന്റിഗ്വയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ 24 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ ഏഴുമാണ് പന്ത് നേടിയത്.