ഒരു ഫീല്‍ഡറെ കൂടി ഇവിടെ നിര്‍ത്തൂവെന്ന് ബാറ്റിംഗിനിടെ റിഷഭ് പന്ത് പറയുന്നതും അത് അനുസരിച്ച് ബംഗ്ലാദേശ് ഫീല്‍ഡറെ അവിടെ നിര്‍ത്തുന്നതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ചെന്നൈ:ബംഗ്ലാദേശിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം ബാറ്റിംഗിനിടെ റിഷഭ് പന്ത് ബംഗ്ലാദേശിനായി ഫീല്‍ഡ് സെറ്റ് ചെയ്തു കൊടുത്തത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ അതിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണം തുറന്നു പറയുകയാണ് റിഷഭ് പന്ത് ഇപ്പോള്‍.

അജയ് ഭായിയോട് സംസാരിക്കുമ്പോഴെല്ലാം ക്രിക്കറ്റിന്‍റെ നിലവാരം ഉയര്‍ത്തുന്നതിനെക്കുറിച്ച് അദ്ദേഹം എപ്പോഴും പറയാറുണ്ട്. അത് എവിടെ ആര്‍ക്കെതിരെ കളിച്ചാലും മികച്ച നിലവാരമുള്ള ക്രിക്കറ്റ് കാഴ്ചവെക്കുക എന്നതാണ് പ്രധാനം. ഞാന്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ മിഡ് വിക്കറ്റില്‍ ഒരു ഫീല്‍ഡറുമില്ലായിരുന്നു. അതേസമയം ഒരേ ഭാഗത്ത് രണ്ട് ഫീല്‍ഡര്‍മാര്‍ നില്‍ക്കുന്നതും കണ്ടു. അതു കണ്ടപ്പോഴാണ് ഞാന്‍ ഒരു ഫീല്‍ഡറെ മിഡ് ഫീല്‍ഡിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടത്-റിഷഭ് പന്ത് മത്സരശേഷം പറഞ്ഞു.

ബംഗ്ലാദേശിനെ പുറത്താക്കാനായി വിരാട് കോലിയുടെ ആ 'തന്ത്രവും' പരീക്ഷിച്ച് രോഹിത് ശര്‍മ; പിന്നീട് സംഭവിച്ചത്

ഒരു ഫീല്‍ഡറെ കൂടി ഇവിടെ നിര്‍ത്തൂവെന്ന് ബാറ്റിംഗിനിടെ റിഷഭ് പന്ത് പറയുന്നതും അത് അനുസരിച്ച് ബംഗ്ലാദേശ് ഫീല്‍ഡറെ അവിടെ നിര്‍ത്തുന്നതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. 634 ദിവസങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയ റിഷഭ് പന്ത് രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കിയിരുന്നു.

Scroll to load tweet…

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ 280 റണ്‍സിന്‍റെ വമ്പന്‍ ജയവുമായാണ് ഇന്ത്യ രണ്ട് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തിയത്. 515 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ബംഗ്ലാദേശ് നാലാം ദിനം 236 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 82 റണ്‍സെടുത്ത ക്യാപ്റ്റൻ നജ്മുള്‍ ഹൗസൈന്‍ ഷാന്‍റോ മാത്രമാണ് ബംഗ്ലാദേശിനായി പൊരുതിയത്. ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ അശ്വിന്‍ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തി കളിയുടെ താരമായി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക