അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം ആദ്യ രണ്ട് സെഷനുകളിലും ബാക് ഫൂട്ടിലായി ഇന്ത്യന്‍ ടീമിന് വീണ്ടും ഡ്രൈവിംഗ് സീറ്റിലെത്തിച്ചത് റിഷഭ് പന്തിന്‍റെ സെഞ്ചുറിയായിരുന്നു. 82 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ പന്ത് അടുത്ത അര്‍ധസെഞ്ചുറിക്ക് എടുത്തത് 32 പന്തുകള്‍ മാത്രമായിരുന്നു. 114 പന്തില്‍ തന്‍റെ കരിയറിലെ മൂന്നാമത്തെയും നാട്ടിലെ ആദ്യത്തെയും ടെസ്റ്റ് സെഞ്ചുറി കുറിച്ച പന്ത് ഇന്ത്യയെ അപകട മുനമ്പില്‍ നിന്ന് കരകയറ്റി.

മുമ്പ് അഞ്ച് തവണ ജോ റൂട്ടിന്‍റെ പന്തില്‍ പുറത്തായിട്ടുള്ള റിഷഭ് പന്ത് അതേ ജോ റൂട്ടിനെ സിക്സിന് പറത്തിയാണ് 94ല്‍ നിന്ന് സെഞ്ചുറിയിലേക്ക് എത്തിയത്. പന്തിന്‍റെ പ്രകടനത്തില്‍ ആരാധകര്‍ ശ്വാസമടക്കിപ്പിടിച്ചു കണ്ട നിരവധി ഷോട്ടുകളുണ്ടായിരുന്നെങ്കിലും 89ല്‍ നില്‍ക്കെ ജെയിംസ് ആന്‍ഡേഴ്സണെ റിവേഴ്സ് സ്വീപ്പ് ചെയ്യാന്‍ പന്ത് കാണിച്ച ചങ്കൂറ്റമാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച.

മുന്‍നിര തകര്‍ന്നെങ്കിലും റിഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റിയതോടെ ഇരുവരെയും വീഴ്ത്താന്‍ എല്ലാ അടവുകളും പയറ്റിയ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഒടുവില്‍ ന്യൂബോളെടുത്തു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 600ലേറെ വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള ആന്‍ഡേഴ്സണെ ന്യൂബോളില്‍ റിവേഴ്സ് സ്വീപ്പ് ചെയ്ത് സ്ലിപ്പിന് മുകളിലൂടെ ബൗണ്ടറി അടിച്ചാണ് പന്ത് വരവേറ്റത്. ഒടുവില്‍ സെഞ്ചുറിക്ക് ശേഷം പന്തിനെ വീഴ്ത്തി ആന്‍ഡേഴ്സണ്‍ കണക്കു തീര്‍ത്തെങ്കിലും പന്തിന്‍റെ റിവേഴ്സ് സ്വീപ്പ് ആരാധകര്‍ക്ക് അത്ര വേഗമൊന്നും മറക്കാനാവില്ല.