ആരാധകരേയും ആവേശത്തിലാഴ്ത്തി റിഷഭ് പന്ത്  അരുണ്‍ ജയറ്റ്‌ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഒരു മത്സരം കാണാൻ എത്തിയിരുന്നു

ബംഗളൂരു: കാറപകടത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ റിഷഭ് പന്ത് വിദഗ്ധ ചികിത്സയ്ക്കായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി. ബംഗളൂരുവിലെ എൻസിഎയിൽ ഫിറ്റ്നസ് ട്രെയ്നർക്കൊപ്പമുള്ള ചിത്രം പന്ത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഡിസംബർ മുപ്പതിനാണ് കാറപകടത്തിൽ പന്തിന് ഗുരുതരമായി പരിക്കേറ്റത്. ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുന്ന പന്തിന് വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ലോകകപ്പിലും കളിക്കാനാവില്ല.

ആരാധകരേയും ആവേശത്തിലാഴ്ത്തി റിഷഭ് പന്ത് അരുണ്‍ ജയറ്റ്‌ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഒരു മത്സരം കാണാൻ എത്തിയിരുന്നു. അപകടത്തിന് ശേഷം ആദ്യമായിട്ടായിരുന്നു റിഷഭ് പന്ത് ഒരു പൊതുവേദിയില്‍ എത്തിയത്. അമ്മയെ കാണാന്‍ ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെ 2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്.

റിഷഭ് സഞ്ചരിച്ച കാര്‍ ഇടിച്ച ശേഷം തീപ്പിടിച്ചപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികില്‍സയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മാക്‌സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്കും അവിടുന്ന് ബിസിസിഐ ഇടപെട്ട് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്കും മാറ്റി. കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷം വീട്ടില്‍ ഫിസിയോതെറാപ്പി അടക്കമുള്ള തുടര്‍ ചികില്‍സകള്‍ക്ക് താരം വിധേയനായിരുന്നു.

റിഷഭിന് എപ്പോള്‍ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാനാകും എന്ന് വ്യക്തമല്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ റിഷഭ് പന്തിന്‍റെ അഭാവം ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ടെസ്റ്റില്‍ മിന്നും പ്രകടനം ടീമിനായി കാഴ്ചവച്ചിട്ടുള്ള താരമാണ് പന്ത്. താരത്തിന് പകരം ശ്രീകര്‍ ഭരത്തോ കെ എല്‍ രാഹുലോ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ടീം ഇന്ത്യക്കായി വിക്കറ്റിന് പിന്നില്‍ ഗ്ലൗസ് അണിയും. 

ഏറ്റുമുട്ടി കിംഗ് കോലിയും ശിഷ്യൻ മുഹമ്മദ് സിറാജും! ആദ്യം കിംഗ് ഒന്ന് പകച്ചു, പിന്നെ കണ്ടത് കിടിലൻ ഷോ; വീഡിയോ