മുംബൈ: ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ പാഡണിയുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിന് ഇന്ന് മുംബൈയിൽ തുടക്കം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഉദ്ഘാടന മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് പേസര്‍ ഇർഫാൻ പത്താൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വൈകിട്ട് ഏഴിന് വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്നലെ മൂന്ന് മണിക്കൂറിലേറെ നേരമാണ് സച്ചിന്‍റെ നേതൃത്വത്തിൽ ടീം ഇന്ത്യ പരിശീലനത്തിനിറങ്ങിയത്. മത്സര ക്രിക്കറ്റിൽ നിന്നെടുത്ത ഇടവേളയെ കഠിന പരിശീലനത്തിലൂടെ തോൽപ്പിക്കുകയാണ് ഓരോ താരവും. സെവാഗ്, യുവ്‌രാജ്, മുഹമ്മദ് കൈഫ്, സഹീർഖാൻ തുടങ്ങിയ പഴയ പടക്കുതിരകളെ ഒരു നോക്ക് കാണാനുള്ള ടിക്കറ്റുകളെല്ലാം വിറ്റുപോയി. 

വിന്‍‌ഡീസിനെതിരെ പ്രയോഗിക്കേണ്ട പദ്ധതികൾ എന്തെല്ലാമെന്ന് നായകനായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അറിയാമെന്ന് ഇർഫാൻ പത്താൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സച്ചിൻ-സെവാഗ് ഓപ്പണിംഗ് കൂട്ടുകെട്ട് ഒരിക്കൽ കൂടെ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. ലാറയും ചന്ദ്രപോളും കാൾ ഹൂപ്പറുമടക്കമുള്ള താരങ്ങളൊന്നിക്കുന്ന വിന്‍‌ഡീസ് നിരയും കരുത്തർ തന്നെ.

സച്ചിൻ നയിക്കുന്ന ഇന്ത്യാ ലെജൻസ്, ലാറ നയിക്കുന്ന വിൻഡീസ്, ബ്രെറ്റ് ലീയുടെ ഓസ്‌ട്രേലിയ, ദിൽഷന്‍റെ ലങ്ക, ജോണ്ടീ റോഡ്സ് നയിക്കുന്ന ദക്ഷിണാഫ്രിക്ക ടീമുകളാണ് ടൂര്‍ണമെന്‍റില്‍ അണിനിരക്കുക. 

ഇന്ത്യാ ലെജൻസ്: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, യുവ്‌രാജ് സിംഗ്, അജിത് അഗാര്‍ക്കര്‍, സഞ്ജയ് ബാംഗര്‍, മുനാഫ് പട്ടേല്‍, മുഹമ്മദ് കൈഫ്, പ്രഗ്യാന്‍ ഓജ, സായ്‌രാജ് ബഹുതുലെ, എബി കുരുവിള, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, സമീര്‍ ദിഗേ