റായ്പൂര്‍: ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ഒരിക്കല്‍ കൂടി ഇന്ത്യക്കായി ക്രീസില്‍ ഒരുമിക്കും. റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിനുള്ള ഇന്ത്യ ലെജന്‍ഡ്സ് ടീമിലാണ് സച്ചിനും സെവാഗും ഓപ്പണര്‍മാരായി  ഇറങ്ങുക.

മാര്‍ച്ച് അഞ്ചിന് ബംഗ്ലാദേശ് ലെജന്‍ഡ്സിനെതിരെയാണ് ഇന്ത്യ ലെജന്‍ഡ്സിന്‍റെ ആദ്യ മത്സരം. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇന്നലെ വിരമിക്കല്‍ പ്രഖ്യാപിച്ച യൂസഫ് പത്താന്‍,വിനയ് കുമാര്‍ എന്നിവര്‍ക്ക് പുറമെ കഴിഞ്ഞ വാരം വിരമിക്കല്‍ പ്രഖ്യാപിച്ച നമാന്‍ ഓജയും ഇന്ത്യ ലെജന്‍ഡ്സ് ടീമിലിടം നേടി.

ശ്രീലങ്ക ലെജന്‍ഡ്സ് ടീമിനായി ലങ്കയുടെ ഇതിഹാസ താരം സനത് ജയസൂര്യ ഓപ്പണറായി എത്തും. ജയസൂര്യക്ക് പുറമെ റസല്‍ അര്‍നോള്‍ഡ്, തിലകരത്നെ ദില്‍ഷന്‍, അടുത്തിടെ വിരമിച്ച ഉപുല്‍ തരംഗ എന്നിവരുമുണ്ട്.
റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടി20 പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യക്കും ശ്രീലങ്കക്കും പുറമെ വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്സ്, സൗത്താഫ്രിക്ക ലെജന്‍ഡ്സ്, ഇംഗ്ലണ്ട് ലെജന്‍ഡ്സ്, ബംഗ്ലാദേശ് ലെജന്‍ഡ്സ് ടീമുകളും ടൂര്‍ണമെന്‍റില്‍ മാറ്റുരക്കും. ഛത്തീസ്ഗഡിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് സ്റ്റേഡിയമാണ് മത്സരങ്ങള്‍ക്ക് വേദിയാവുക.

റോഡ് സേഫ്റ്റി സീരിസിനുള്ള ഇന്ത്യ ലെജന്‍ഡ്സ് ടീം: Sachin Tendulkar, Virender Sehwag, Yuvraj Singh, Mohammed Kaif, Pragyan Ojha, Noel David, Munaf Patel, Irfan Pathan, Manpreet Gony, Yusuf Pathan, Naman Ojha, S Badrinath and Vinay Kumar.