Asianet News MalayalamAsianet News Malayalam

വീണ്ടും വീരു വെടിക്കെട്ട്; ക്ലാസിക് സച്ചിന്‍; റോഡ് സേഫ്റ്റി സീരീസില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ

35 പന്തില്‍ 10 ബൗണ്ടറിയും അഞ്ച് സിക്സും പറത്തി റണ്‍സെടുത്ത 80 സെവാഗും 26 പന്തില്‍ അഞ്ച് ബൗണ്ടറിയുടെ അകമ്പടിയോടെ 35 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിനുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

Road Safety World Series T20 2020-21 India legends beat Bangladeh Legends
Author
Raipur, First Published Mar 5, 2021, 9:44 PM IST

റായ്പൂര്‍: വെടിക്കെട്ട് ബാറ്റിംഗുമായി വീരേന്ദര്‍ സെവാഗും ക്ലാസിക് ഇന്നിംഗ്സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഒരിക്കല്‍ കൂടി കളം നിറഞ്ഞപ്പോള്‍ റോഡ് സേഫ്റ്റി സീരീസ് ടി20 ടൂര്‍ണമെന്‍റില്‍ ബംഗ്ലാദേശ് ലെജന്‍ഡ്സിനെതിരെ ഇന്ത്യ ലെജന്‍ഡ്സിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലെജന്‍ഡ്സ് 19.4 ഓവറില്‍ 109 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ ലെജന്‍ഡ്സ് 10.1ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി.

35 പന്തില്‍ 10 ബൗണ്ടറിയും അഞ്ച് സിക്സും പറത്തി 80 റണ്‍സെടുത്ത സെവാഗും 26 പന്തില്‍ അഞ്ച് ബൗണ്ടറിയുടെ അകമ്പടിയോടെ 35 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിനുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.  ഓപ്പണിംഗ് വിക്കറ്റില്‍ നാലോവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 50 കടത്തി. 20 പന്തിലാണ് സെവാഗ് അര്‍ധസെഞ്ചുറി തികച്ചത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലെജന്‍ഡ്സ് ഓപ്പണിംഗ് വിക്കറ്റില്‍ എട്ടോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സടിച്ചശേഷമായിരുന്നു തകര്‍ന്നടിഞ്ഞത്. 49 റണ്‍സെടുത്ത ഓപ്പണര്‍ നസീമുദ്ദീനും 12 റണ്‍സ് വീതമെടുത്ത ജാവേദ് ഒമറും രജിന്‍ സലേയും മാത്രമാണ് ബംഗ്ലാ നിരയില്‍ രണ്ടക്കം കടന്നുള്ളു.

ഇന്ത്യക്കായി പ്രഗ്യാന്‍ ഓജ നാലോവറില്‍ 12 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ യുവരാജ് സിംഗ് മൂന്നോവറില്‍ 15 റണ്‍സിന് രണ്ട് വിക്കറ്റും വിനയ് കുമാര്‍ 25 റണ്‍സിന് രണ്ട് വിക്കറ്റുമെടുത്തു. യൂസഫ് പത്താനും മന്‍പ്രീത് ഗോണിയും ഓരോ വിക്കറ്റ് വീഴ്ത്തി. വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്സുമായി ഇന്ത്യയുടെ അടുത്ത മത്സരം.

Follow Us:
Download App:
  • android
  • ios