സമീപകാലത്ത് ഇന്ത്യ അതികം ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്തതിനാല്‍ ഇതേ ടീം തന്നെ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിലും കളിക്കും.
മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30ന് രോഹിത് ശര്‍മ്മയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ചേര്‍ന്ന് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇരുവരും ഇതുവരെ വാര്‍ത്ത സമ്മേളനത്തിന് എത്തിയിട്ടില്ല. രണ്ട് പേരും ബിസിസിഐ ആസ്ഥാനത്തുണ്ടെങ്കിലും ടീമുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതേയുള്ളൂ. രോഹിത് നയിക്കുന്ന 15 അംഗ ടീമില്‍ ഏതൊക്കെ താരങ്ങള്‍ ഉള്‍പ്പെടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഏതാണ്ട് രണ്ട് മണിക്കൂറോളമായി ചര്‍ച്ച നീണ്ടുനില്‍ക്കുകയാണ്. ചാംപ്യന്‍സ് ട്രോഫിക്ക് പുറമെ ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിന മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിക്കും.
സമീപകാലത്ത് ഇന്ത്യ അതികം ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്തതിനാല്‍ ഇതേ ടീം തന്നെ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിലും കളിക്കും. രോഹിതിനൊപ്പം ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള ശുഭ്മാന്‍ ഗില്‍ ഓപ്പണറായി തുടരും. ബാക്കപ്പ് ഓപ്പണറായി ജയ്‌സ്വാള്‍ ടീമിലെത്തുമെന്ന് ഏറക്കുറെ ഉറപ്പായ കാര്യമാണ്. മൂന്നാം നമ്പറില്‍ വിരാട് കോലി എന്നല്ലാതെ മറ്റൊരു പേരുണ്ടാവില്ല. ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് നിര്‍ണായക പങ്കുവഹിച്ച കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരും ടീമില്‍ സ്ഥാനം നിലനിര്‍ത്തും. പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പാണ്. ഏകദിനത്തില്‍ തിളങ്ങാത്ത സൂര്യകുമാര്‍ യാദവിനെ പരിഗണിക്കില്ല.
'സഞ്ജു ഏറെ മുന്നില്‍, ഒപ്പമെത്താന്‍ റിഷഭ് കഠിനാധ്വാനം ചെയ്യണം'; നിലപാട് വ്യക്തമാക്കി മുഹമ്മദ് കൈഫ്
സെലര്‍ക്ടര്‍മാരുടെ പ്രധാന തലവേദന വിക്കറ്റ് കീപ്പര്‍മാരുടെ തെരഞ്ഞെടുപ്പില്‍. കെ.എല്‍ രാഹുലിന്, ടീമിലുണ്ടാകുമെന്ന് സെലക്ടര്‍മാര്‍ ഉറപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. റിഷഭ് പന്തും സഞ്ജും സാംസണും തമ്മിലാണ് നേര്‍ക്കുനേര്‍ മത്സരം. ടി20 ലോകകപ്പില്‍ പന്തിനെയാണ് പരിഗണിച്ചതെങ്കിലും പിന്നീടുള്ള ഏകദിനങ്ങളില്‍ താരം കാര്യമായി തിളങ്ങിയില്ല. ഇന്ത്യക്കായി അവസാനം കളിച്ച ഏകദിനത്തില്‍ സഞ്ജു സെഞ്ച്വറി നേടി. എന്നാല്‍ അടുത്തിടെ ഏകദിന ഫോര്‍മാറ്റിലും വിജയ് ഹസാരെ ടൂര്‍ണമെന്റിലും കളിച്ചിട്ടില്ലാത്തത് മലയാളി താരത്തിന് തിരിച്ചടിയാകുമോ എന്ന് അറിയില്ല.
രാജ്യത്തെ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത് ബൗളിംഗില്‍ ഇന്ത്യയുടെ കുന്തമുനയായ ജസ്പ്രിത് ബുമ്ര ടീമിലുണ്ടാകുമോ എന്നാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ടൂര്‍ണമെന്റിനിടെ പരിക്കേറ്റ ബുമ്ര വിശ്രമത്തിലാണ്. ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തിലെങ്കിലും ബുമ്ര കളിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ 15 അംഗ സ്‌ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തും. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ തിരിച്ചുവരുന്ന മുഹമ്മദ് ഷമി ഏകദിന ടീമിലും എത്താന്‍ സാധ്യതയുണ്ട്. മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിംഗ് എന്നിവരും പേസര്‍മാരുടെ ലിസ്റ്റില്‍ മുന്‍പന്തിയില്‍.
സ്പിന്നര്‍മാരില്‍ രവീന്ദ്ര ജഡേജയ്ക്ക് അവസരം നല്‍കുമോ എന്നും കണ്ടറിയണം. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പിലാണ് ജഡേജ അവസാനമായി കളിച്ചത്. ഫോമും ഫിറ്റ്‌നെസ് തെളിയിച്ചാല്‍ കുല്‍ദീപ് യാദവ് ഒന്നാം സ്പിന്നറാകും. ട്വന്റി 20 യില്‍ വൈസ് ക്യാപ്റ്റനായ അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ് തുടങ്ങിയവരും സ്പിന്നര്‍മാരുടെ ലിസ്റ്റിലുണ്ട്.

