'സഞ്ജു ഏറെ മുന്നില്‍, ഒപ്പമെത്താന്‍ റിഷഭ് കഠിനാധ്വാനം ചെയ്യണം'; നിലപാട് വ്യക്തമാക്കി മുഹമ്മദ് കൈഫ്
എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരുമ്പോള്‍ പന്ത് ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയെന്നും കൈഫ് വ്യക്തമാക്കി.

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ അതേ നിലവാരത്തിലാണ് റിഷഭ് പന്തെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഈ വിഷയത്തില്‍ കൈഫ് മുമ്പും തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചിരുന്നു. സമീപകാല ടി20 പ്രകടനത്തിലൂടെ മലയാളി താരം സഞ്ജു സാംസണ്‍ പന്തിനെ എങ്ങനെ പിന്നിലാക്കി എന്ന് പരാമര്‍ശിച്ചിരുന്നു. കൈഫ്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരുമ്പോള്‍ പന്ത് ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയെന്നും അത് അദ്ദേഹത്തെ എംഎസ് ധോണിയുടെ അതേ നിലവാരത്തിലെത്തിച്ചതായി കൈഫ് വ്യക്തമാക്കി.
കൈഫിന്റെ വാക്കുകള്‍... ''സഞ്ജു സാംസണ്‍ മുന്നോട്ട് പോയി. എന്നാല്‍ പന്തിന്റെ കാര്യത്തില്‍ മറ്റൊരു വസ്തുതയുണ്ട്. പന്ത് ടെസ്റ്റിലെ വലിയ മാച്ച് വിന്നറാണ്. ഗാബയിലും ദക്ഷിണാഫ്രിക്കയിലെ സെഞ്ചുറിയുമൊക്കെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. വിദേശ സാഹചര്യങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ടെസ്റ്റില്‍ നല്ലൊരു വിക്കറ്റ് കീപ്പറാണ് പന്ത്. ധോണിയുടെ അതേ നിലവാരത്തില്‍ അദ്ദേഹം എത്തിയിരിക്കുന്നു.'' കൈഫ് പറഞ്ഞു.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പന്തിന്റെ റെക്കോഡുകളെ കുറിച്ചും കൈഫ് സംസാരിച്ചു. ''പന്ത് തിരിച്ചറിയേണ്ട മറ്റൊരു കാര്യമുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പന്തിന്റെ റെക്കോഡുകള്‍ അത്ര മികച്ചതൊന്നുമല്ലെന്ന് മനസിലാക്കണം. ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഇടം നേടാന്‍ യോഗ്യന്‍ സഞ്ജുവാണ്. പന്ത് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.'' കൈഫ് വ്യക്തമാക്കി.
തന്റെ കരിയറില്‍ ഇതുവരെ കളിച്ച 31 ഏകദിനങ്ങളില്‍ നിന്ന് 33.50 ശരാശരിയില്‍ 871 റണ്‍സാണ് പന്ത് നേടിയത്. അഞ്ച് അര്‍ധസെഞ്ചുറികളും ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. മറുവശത്ത്, സഞ്ജു 16 മത്സരങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ദ്ധസെഞ്ചുറികളും സഹിതം 510 റണ്‍സ് നേടിയിട്ടുണ്ട്. 2023 ഡിസംബറില്‍ പാര്‍ളില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ച അവസാന ഏകദിനത്തിലും അദ്ദേഹം സെഞ്ചുറി നേടി.
തന്റെ അവസാന അഞ്ച് ടി20യില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയ സഞ്ജു ഗംഭീര ഫോമിലാണ്. എന്നാല്‍ താരത്തെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുമോ എന്നുള്ള ഉറപ്പില്ല.