കട്ടക്ക്: വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക ഏകദിനത്തില്‍ 316 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. കട്ടക്കിലെ ബരാബതി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 23 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (63)യുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കെ എല്‍ രാഹുല്‍ (63), വിരാട് കോലി (3) എന്നിവരാണ് ക്രീസില്‍. നേരത്തെ നിക്കോളാസ് പൂരന്‍ (89), കീറണ്‍ പൊള്ളാര്‍ഡ് (74) എന്നിവരുടെ ഇന്നിങ്‌സാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. രാഹുലിന്റെ അക്കൗണ്ടില്‍ ഏഴ് ബൗണ്ടറികളാണുള്ളത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. എന്നാല്‍ പൂരന്‍, പൊള്ളാര്‍ഡ് എന്നിവരുടെ കൂട്ടുകെട്ട് വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച നവ്ദീപ് സൈനി രണ്ട് വിക്കറ്റ്് നേടി. 

വിന്‍ഡീസിന് 15ാം ഓവറില്‍ എവിന്‍ ലൂയിസിനെ (21) നഷ്ടമാവുമ്പോല്‍ 57 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. ജഡേജയുടെ പന്തില്‍ സൈനിക്ക് ക്യാച്ച് നല്‍കിയാണ് ലൂയിസ് മടങ്ങിയത്. പിന്നാലെ ഷായ് ഹോപ്പും (42) പവലിയനില്‍ തിരിച്ചെത്തി. റോസ്റ്റണ്‍ ചേസ് (38)- ഷിംറോണ്‍ ഹെറ്റ്മയേര്‍ (37) എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഹെറ്റ്മയേറെ കുല്‍ദീപ് യാദവിന്റെ കൈകളിലെത്തിച്ച് സൈനി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഇരുവരും 62 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ചേസിന്റെ വിക്കറ്റ് പിഴുതെടുത്ത് സൈനി വീണ്ടും ഇന്ത്യക്ക് ആശ്വാസമായി. 

എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന പൂരന്‍- കീറണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ കൂട്ടുക്കെട്ട് സന്ദര്‍കരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 135 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പൂരന്‍ താക്കൂറിന്റെ പന്തില്‍ ജഡേജയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. 64 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു പൂരന്റെ ഇന്നിങ്‌സ്. പൊള്ളാര്‍ഡിനൊപ്പം ജേസണ്‍ ഹോള്‍ഡര്‍ (7) പുറത്താവാതെ നിന്നു.

സൈനിക്ക് പുറമെ ഷാര്‍ദുല്‍ ഠാകൂര്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.