രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യില്‍ ഫീല്‍ഡിംഗിനിറങ്ങിയതോടെ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 100 ടി20 മത്സരം കളിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന നേട്ടമാണ് ആരാധകരുടെ ഹിറ്റ്‌മാന്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ട്വന്റി20യില്‍ 100 മത്സരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

ലോക ക്രിക്കറ്റില്‍ ഈനേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ പുരുഷ താരമാണ് രോഹിത്. പാകിസ്ഥാന്‍ താരം ഷുഐബ് മാലിക്ക് 111 മത്സരങ്ങളില്‍ പാക് കുപ്പായമണിഞ്ഞിട്ടുണ്ട്. നേരത്തെ കളിച്ച 99 ടി20കളില്‍ 2542 റണ്‍സാണ് രോഹിത് ശര്‍മ്മ പേരിലാക്കിയത്. നാല് സെഞ്ചുറിയും 17 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണ് രോഹിത് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. 

രാജ്‌കോട്ട് ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദില്ലിയില്‍ നടന്ന ആദ്യ ടി20യില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇരു ടീമും കളിക്കുന്നത്. ദില്ലിയില്‍ തോറ്റ ഇന്ത്യ പരമ്പരയില്‍ പിന്നിലാണ്. മഴയുടെ ആശങ്കകള്‍ക്കിടെയാണ് ഇന്ന് മത്സരം നടക്കുന്നത്. മഴ മത്സരം മുടക്കിയാല്‍ ഇന്ത്യയുടെ പരമ്പര മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയാവും.

മുന്‍ നായകന്‍മാരായ സുനില്‍ ഗാവസ്‌കറും കപില്‍ ദേവും ഉള്‍പ്പെടുന്ന പട്ടികയിലുമെത്തി ഇതോടെ രോഹിത് ശര്‍മ്മ. ഇന്ത്യക്കായി ആദ്യമായി 100 ടെസ്റ്റുകള്‍ കളിച്ച താരമെന്ന നേട്ടം സുനില്‍ ഗാവസ്‌കര്‍ക്കാണ്. 1984നാണ് ഗാവസ്‌കര്‍ ഈ നേട്ടത്തിലെത്തിയത്. കപില്‍ ദേവാണ് 100 ഏകദിനങ്ങള്‍ കളിച്ച ആദ്യ ഇന്ത്യക്കാരന്‍. 1987ലായിരുന്നു കപിലിന്‍റെ നൂറാം ഏകദിനം.