ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ നാലു പേർക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് ശുപാർശ. രോഹിത് ശർമയ്ക്കു പുറമെ വനിതാ ഗുസ്തി താരം വിനേഷ് ഫൊഗട്ട്, ടേബിൾ ടെന്നിസ് താരം മണിക ബത്ര, റിയോ പാരാലിംപിക്സിൽ സ്വർണ മെഡൽ നേടിയ ഹൈജംപ് താരം മാരിയപ്പൻ തങ്കവേലു എന്നിവരെയാണ് കായിക മന്ത്രാലയം നിയോഗിച്ച 12 അംഗ സിലക്ഷൻ കമ്മിറ്റി ഖേൽരത്‌ന പുരസ്കാരത്തിന് ശുപാർശ ചെയ്തത്.

ഇത് രണ്ടാമത്തെ തവണയാണ് രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് നാലു പേരെ ഒരുമിച്ചു ശുപാർശ ചെയ്യുന്നത്.  2016ൽ ബാഡ്മിന്റൻ താരം പി.വി. സിന്ധു, ജിംനാസ്റ്റ് ദീപ കർമാകർ, ഷൂട്ടിങ് താരം ജിത്തു റായ്, ഗുസ്തി താരം സാക്ഷി മാലിക് എന്നിവരെ ശുപാര്‍ശ ചെയ്യുകയും നാലുപേര്‍ക്കും ഒരുമിച്ച് പുരസ്കാരം നൽകുകയും ചെയ്തിരുന്നു.

പുരസ്കാരം ലഭിച്ചാല്‍ഡ സച്ചിൻ തെൻഡുൽക്കർ (1998), മഹേന്ദ്ര സിംഗ് ധോണി (2007), വിരാട് കോലി (2018) എന്നിവർക്കു ശേഷം ഖേൽരത്‍‌ന പുരസ്കാരം നേടുന്ന നാലാമത്തെ മാത്രം ക്രിക്കറ്റ് താരമാകും രോഹിത്.

കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ചുറിയടക്കം ആകെ ഏഴ് സെഞ്ചുറികള്‍ നേടിയ രോഹിത് ഏകദിനത്തില്‍ കഴിഞ്ഞ കലണ്ടര്‍വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാനുമായിരുന്നു. 2018ൽ കോലിക്കു പുറമെ ഭരദ്വോഹന താരം മീരാബായ് ചാനുവിനും ഖേൽരത്‌ന പുരസ്കാരം ലഭിച്ചിരുന്നു