കട്ടക്ക്: ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഓപ്പണറെന്ന റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ. കട്ടക്കിൽ വിൻഡീസിനെതിരെ 63 റൺസെടുത്തപ്പോഴാണ് രോഹിത് ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയുടെ 22 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്നത്. ജയസൂര്യ 2387 റൺസാണ് ഓപ്പണറായി നേടിയത്, രോഹിത്തിന്‍റേത് 2442 റൺസും. 

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ 529 റൺസെടുത്തത് റെക്കോർഡ് നേട്ടത്തിന് രോഹിത്തിന് തുണയായി. വിൻഡീസിനെതിരായ രണ്ടാം മത്സരത്തിൽ 159 റൺസെടുത്തപ്പോൾ 2019ൽ ഏറ്റവും കൂടുതൽ റൺസെടുത്ത ഓപ്പണറെന്ന റെക്കോർഡും രോഹിത്ത് സ്വന്തമാക്കിയിരുന്നു.

എന്നാല്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം കോലിയെ തേടിയെത്തി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ നേട്ടത്തിലെത്തുന്നത്. കട്ടക്ക് ഏകദിനത്തിന് മുമ്പ് കോലിയെക്കാല്‍ ഒമ്പത് റണ്‍സ് മുന്നിലായിരുന്നു രോഹിത് ശര്‍മ. എന്നാല്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ കോലി റെക്കോഡ് സ്വന്തം പേരിലാക്കുകയായിരുന്നു.

 ഈ വര്‍ഷം 2455 റണ്‍സാണ് കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. രണ്ടാം സ്ഥാനത്തുള്ള രോഹിത്തിന്റെ അക്കൗണ്ടില്‍ 2442 റണ്‍സും. എന്നാല്‍ ഈ വര്‍ഷം ഏകദിനത്തില്‍ മാത്രം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം രോഹിത്താണ്. 1490 റണ്‍സാണ് രോഹിത്തിനുള്ളത്. ഇതില്‍ ഏഴ് സെഞ്ചുറികളും ഉള്‍പ്പെടും.