ഹിറ്റ്‌മാനെ തിരഞ്ഞുപിടിച്ച് വിമര്‍ശിക്കുന്നത് അനീതിയെന്ന് ഹര്‍ഭജന്‍, രോഹിത് ഇതിലേറെ ബഹുമാനം അര്‍ഹിക്കുന്നു എന്നും ഇതിഹാസ താരം
മുംബൈ: 2013ന് ശേഷം ഐസിസി കിരീടം നേടാത്തതില്‍ വലിയ വിമര്‍ശനമാണ് ടീം ഇന്ത്യ നേരിടുന്നത്. വിരാട് കോലിക്ക് പകരം രോഹിത് ശര്‍മ്മ ക്യാപ്റ്റനായപ്പോഴും ഐസിസി കിരീടം ഇന്ത്യന്‍ ടീമിന്‍റെ കൂടെപ്പോന്നില്ല. ട്വന്‍റി 20 ലോകകപ്പില്‍ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും തോറ്റ് മടങ്ങാനായിരുന്നു രോഹിത്തിന്‍റെയും കൂട്ടരുടേയും വിധി. ഇതോടെ രോഹിത്തിന്‍റെ ക്യാപ്റ്റന്‍സി ഏറെപ്പേര്‍ ചോദ്യം ചെയ്‌ത് തുടങ്ങിയിരിക്കുകയാണ്. ഐപിഎല്ലില്‍ അഞ്ച് കിരീടം നേടിയിട്ടുള്ള ക്യാപ്റ്റന്‍ ഇന്ത്യന്‍ നായകസ്ഥാനത്ത് അമ്പേ പരാജയമാണ് എന്ന് പലരും വിധിയെഴുതുന്നു. ഹിറ്റ്‌മാന്‍ കനത്ത വിമര്‍ശനം നേരിടുമ്പോള്‍ അദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്.
'ഞാന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കളിച്ചിട്ടുണ്ട്. അദേഹത്തെ ഏറെ അടുത്തറിഞ്ഞിട്ടുണ്ട്. രോഹിത് ഇതിലേറെ ബഹുമാനം അര്‍ഹിക്കുന്നു. സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ രോഹിത്തിനെ വിമര്‍ശിക്കുന്നത് നീതിയല്ല. രോഹിത് ഫോമിലേക്കും ടീമിനെ മികച്ച പ്രകടനത്തിലേക്കും കൊണ്ടുവരും. അദേഹത്തില്‍ നാം വിശ്വാസമര്‍പ്പിക്കുകയാണ് വേണ്ടത്. മുള്‍മുനയില്‍ നിര്‍ത്തി ആക്രമിക്കുന്നതിന് പകരം രോഹിത് ശര്‍മ്മയെ ബഹുമാനിക്കുകയാണ് ചെയ്യേണ്ടത്. ആളുകള്‍ പരിധിവിട്ട് വിമര്‍ശിക്കുന്നത് കാണുന്നു. ക്രിക്കറ്റൊരു ടീം ഗെയിമാണ്. ഒരു വ്യക്തിക്ക് അവിടെ ടീമിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാനാവില്ല, ഫൈനലില്‍ മികവിലേക്ക് ഉയര്‍ത്താനാവില്ല. നിങ്ങള്‍ക്ക് അയാളുടെ പ്രകടനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാം എന്നിട്ട് മുന്നോട്ടുപോവുക. റണ്‍സ് കണ്ടെത്തുന്നില്ല, നന്നായി നയിക്കുന്നില്ല എന്നൊക്കെ പറഞ്ഞ് രോഹിത്തിനെ മാത്രമായി തെരഞ്ഞെടുപിടിച്ച് ആക്രമിക്കുന്നത് അനീതിയാണ്. എന്‍റെ അഭിപ്രായത്തില്‍ രോഹിത് മികച്ച നായകനാണ്' എന്നും ഹര്‍ഭജന്‍ സിംഗ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് കൂട്ടിച്ചേര്‍ത്തു.
രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ കിരീടം നേടാന്‍ ടീം ഇന്ത്യക്കായിരുന്നില്ല. ഇതോടെയാണ് ഹിറ്റ്‌മാനെതിരെ വിമര്‍ശനം ശക്തമായത്. മുഴുനീള വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ് ഇനി ടീം ഇന്ത്യക്ക് വരാനിരിക്കുന്നത്. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളുമാണ് പര്യടനത്തിലുള്ളത്. ഇതില്‍ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ടീമിനെ നയിക്കുന്നത് രോഹിത് ശര്‍മ്മയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
