മുംബൈ: ട്വന്‍റി 20യിൽ രോഹിത് ശര്‍മ്മയ്‌ക്ക് ഇന്ത്യന്‍ റെക്കോര്‍ഡ്. രാജ്യാന്തര ക്രിക്കറ്റില്‍ 400 സിക്‌സര്‍ അടിക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍ എന്ന നേട്ടം രോഹിത് സ്വന്തമാക്കി. 354-ാം രാജ്യാന്തര മത്സരത്തിലാണ് രോഹിത്തിന്‍റെ നേട്ടം. മുംബൈ ട്വന്‍റി 20യിൽ കോട്രലിനെ സിക്‌സര്‍ പറത്തിയാണ് രോഹിത് നേട്ടമാഘോഷിച്ചത്. 

ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ബാറ്റ്സ്‌മാന്‍ ആണ് രോഹിത്. വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയിലും പാകിസ്ഥാന്‍ മുന്‍ താരം ഷാഹിദ് അഫ്രീദിയും നേരത്തെ ഈ നേട്ടത്തിലെത്തിയിരുന്നു. ഗെയിൽ 534ഉം അഫ്രീദി 476ഉം സിക്‌സര്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ഇന്നിംഗ്സിലും രോഹിത്തിന് സിക്‌സര്‍ ഒന്നും നേടാനായിരുന്നില്ല. എന്നാല്‍ മുംബൈയിൽ രോഹിത് അഞ്ച് സിക്‌സര്‍ പറത്തി. 

മുംബൈയിലെ 67 റൺസ് ജയത്തോടെ വിന്‍ഡീസിനെതിരായ ട്വന്‍റി 20 പരമ്പര(2-1) ഇന്ത്യ സ്വന്തമാക്കി. വിജയലക്ഷ്യമായ 241 റൺസ് പിന്തുടര്‍ന്ന വിന്‍ഡീസ് എട്ടിന് 173 റൺസിലേക്ക് ഒതുങ്ങി. കെ എല്‍ രാഹുല്‍(56 പന്തില്‍ 91), രോഹിത് ശര്‍മ്മ(34 പന്തില്‍ 71), വിരാട് കോലി(29 പന്തില്‍ 70*) എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. കെ എല്‍ രാഹുല്‍ കളിയിലെയും വിരാട് കോലി പരമ്പരയിലെയും താരമായി.