വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ 150 റണ്‍സ് പിന്നിട്ട് ഇന്ത്യ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് വിസ്‌ഫോടനം. ടെസ്റ്റ് ഓപ്പണറായുള്ള ആദ്യ ഇന്നിംഗ്‌സില്‍ 224 പന്തിലാണ് രോഹിത് 150 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. സഹ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ടെസ്റ്റ് കരിയറിലെ ആദ്യ ശതകം 204 പന്തില്‍ പൂര്‍ത്തിയാക്കി. രണ്ടാം ദിനം ആദ്യ സെഷന്‍ പുരോഗമിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 265 റണ്‍സെന്ന നിലയിലാണ് ടീം ഇന്ത്യ. രോഹിത് 150* റണ്‍സും മായങ്ക് 112* റണ്‍സുമെടുത്തിട്ടുണ്ട്. 

രണ്ടാം ദിനം മികച്ച സ്‌കോര്‍ പടുത്തുയര്‍ക്കാനാണ് ടീം ഇന്ത്യയുടെ ശ്രമം. വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ 202 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിംഗ് തുടങ്ങിയത്. മഴമൂലം ആദ്യ ദിനം51.9 ഓവര്‍ മാത്രമാണ് എറിഞ്ഞത്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ രോഹിത്(115*), മായങ്ക് അഗര്‍വാള്‍(84*) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. 174 പന്ത് നേരിട്ട ഹിറ്റ്‌മാന്‍ അഞ്ച് സിക്‌സും 12 ഫോറും സഹിതമാണ് ഇത്രയും റണ്‍സ് കണ്ടെത്തിയത്. അഗര്‍വാളിന്‍റെ ഇന്നിംഗ്‌സില്‍ 11 ഫോറും രണ്ട് സിക്‌സും അടങ്ങിയിരുന്നു.

ടെസ്റ്റില്‍ ആദ്യമായി ഓപ്പണറായി ഇറങ്ങിയ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളും ഇന്ത്യക്ക് മികച്ച തുടക്കമാണ് ആദ്യദിനം നല്‍കിയത്. തുടക്കത്തിലെ ലഭിച്ച സ്വിങ് മുതലാക്കാന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്ക് കഴിയാതെ വന്നപ്പോള്‍ രോഹിത് 154 പന്തില്‍ നാലാം ടെസ്റ്റ് സെഞ്ചുറിയിലെത്തി. ഓപ്പണറായുള്ള ആദ്യ ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറി ലക്ഷ്യമാക്കി കുതിക്കുകയാണ് രോഹിത് ശര്‍മ്മ.