Asianet News MalayalamAsianet News Malayalam

ധോണിക്കൊപ്പം ഇനി രോഹിത് ശര്‍മ്മയും; മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു റെക്കോര്‍ഡ് പേരിലായി

വീറുറ്റ പോരാട്ടം പുറത്തെടുത്തെങ്കിലും മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു റെക്കോര്‍ഡ് രോഹിത് ശര്‍മയുടെ പേരിലായി. ബംഗ്ലാദേശില്‍ ഏകദിന പരമ്പര നഷ്ടപ്പെടുത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ നായകനാണ് രോഹിത് ശര്‍മ

Rohit Sharma equals MS Dhoni in unwanted list as India lose ODI series vs Bangladesh
Author
First Published Dec 8, 2022, 2:56 PM IST

മിര്‍പുര്‍: ബംഗ്ലാദേശിനെതിരെയുളള ഏകദിന പരമ്പര നഷ്ടമായതിന്‍റെ വേദനയിലാണ് ടീം ഇന്ത്യ. ആദ്യ മത്സരത്തില്‍ വീണു പോയെങ്കില്‍ രണ്ടാം പോരില്‍ അവസാന ഓവര്‍ വരെ പൊരുതിയാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്. പരിക്കിനെ വകവയ്ക്കാതെ ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ മികച്ച പോരാട്ടമാണ് രോഹിത് കാഴ്ചവെച്ചത്. ഫീല്‍ഡിംഗിനിടെ പരിക്കേറ്റ് പുറത്ത് പോയ രോഹിത്, ഇന്ത്യക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടമായ അവസ്ഥയില്‍ ക്രീസിലെത്തി വെടിക്കെട്ട് തീര്‍ക്കുകയായിരുന്നു.

അവസാന പന്തില്‍ സിക്സ് നേടിയിരുന്നെങ്കില്‍ ഏറ്റവും ആവേശകരമായ വിജയം ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ രോഹിത്തിന് സാധിക്കുമായിരുന്നു. പക്ഷേ, വീറുറ്റ പോരാട്ടം പുറത്തെടുത്തെങ്കിലും മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു റെക്കോര്‍ഡ് രോഹിത് ശര്‍മയുടെ പേരിലായി. ബംഗ്ലാദേശില്‍ ഏകദിന പരമ്പര നഷ്ടപ്പെടുത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ നായകനാണ് രോഹിത് ശര്‍മ. 2015ല്‍ വിഖ്യാത ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലും ഇന്ത്യ ബംഗ്ലാദേശിനെതിരെ പരമ്പര നഷ്ടപ്പെടുത്തിയിരുന്നു.

അന്ന് ആദ്യ മത്സരത്തില്‍ വിജയം നേടിയ ശേഷം തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി തുടങ്ങിയവരും അന്നത്തെ പരമ്പരയില്‍ കളിച്ചിരുന്നു. അതേസമയം, ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ പൊരുതി വീണെങ്കിലും ചരിത്രത്താളുകളില്‍ മികച്ച ഒരു റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി.  രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 500 സിക്സുകള്‍ പറത്തുന്ന താരമായാണ് രോഹിത് മാറിയത്.

വെസ്റ്റ് ഇന്‍ഡീസിന്‍റെ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയിലിന് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ 500 സിക്സ് നേടുന്ന താരമാകാനും രോഹിത്തിന് സാധിച്ചു. 447 മത്സരങ്ങളില്‍ നിന്നാണ് ഗെയില്‍ 500 സിക്സുകള്‍ നേടിയതെങ്കില്‍ ഹിറ്റ്മാന് വേണ്ടി വന്നത് 428 മത്സരങ്ങള്‍ മാത്രമാണ്. 2007ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ രോഹിത് ശര്‍മ നിലവില്‍ ട്വന്‍റി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയിട്ടുള്ള താരമാണ്. ഏകദിനത്തില്‍ നാലാം സ്ഥാനവും രോഹിത്തിനുണ്ട്. ക്രിസ് ഗെയില്‍, ഷാഹിദ് അഫ്രീദി, സനത് ജയസൂര്യ എന്നിവരാണ് ഇന്ത്യന്‍ നായകന് മുന്നിലുള്ളത്.

അഭിനന്ദനം, പക്ഷേ...; രോഹിത് ശര്‍മയുടെ വീരോജ്വല പോരാട്ടം, പ്രശംസക്കൊപ്പം വിമര്‍ശനവുമായി സുനില്‍ ഗവാസ്കര്‍
 

Follow Us:
Download App:
  • android
  • ios