ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനും മുമ്പ് കൃത്യമായ പ്ലേയിംഗ് ഇലവനെ കണ്ടെത്തുക ടീം ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പര ജയത്തോടെ തുടങ്ങാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നിറങ്ങുകയാണ്. ബാര്‍ബഡോസില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ആരെ വിക്കറ്റ് കീപ്പറാക്കണം എന്ന ചോദ്യം പ്ലേയിംഗ് ഇലവനില്‍ സജീവമാണ്. മറ്റൊരു ചില ചോദ്യങ്ങളും ഇന്ത്യന്‍ മാനേജ്‌മെന്‍റിന് മുന്നിലുണ്ട് എന്നതാണ് യാഥാര്‍ഥ്യം.
ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനും മുമ്പ് കൃത്യമായ പ്ലേയിംഗ് ഇലവനെ കണ്ടെത്തുക ടീം ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. പരിക്ക് മാറി പേസര്‍ ജസ്‌പ്രീത് ബുമ്രയും മധ്യനിര ബാറ്റര്‍മാരായ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും മടങ്ങിവരാനിരിക്കുന്നു. ലോകകപ്പില്‍ കെ എല്‍ രാഹുലായിരിക്കും വിക്കറ്റ് കീപ്പര്‍ എന്നതിനാല്‍ രണ്ടാം വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംപിടിക്കാന്‍ സഞ്ജു സാംസണും ഇഷാന്‍ തമ്മിലുള്ള പോരാട്ടമാണ് വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയില്‍ നടക്കുന്നത്. രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി എന്നിവര്‍ ടോപ് ത്രീയില്‍ തുടരുമ്പോള്‍ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവായിരിക്കും നിലവില്‍ പരിഗണിക്കപ്പെടുന്ന ഒരു താരം. ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയാല്‍ സൂര്യ ഇലവന് പുറത്താകും എന്നുറപ്പ്.
വിന്‍ഡീസില്‍ വിക്കറ്റ് കീപ്പറാവാന്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനും തമ്മില്‍ പോരാട്ടം നടക്കുമ്പോള്‍ മൂന്ന് ഓള്‍റൗണ്ടര്‍മാരെ ആരൊക്കെ കളിപ്പിക്കണം എന്ന ചോദ്യം മുന്നിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഇലവനില്‍ ഉറപ്പാണ് എന്നിരിക്കേ സ്‌പിന്നര്‍ അക്‌സര്‍ പട്ടേലും പേസര്‍ ഷര്‍ദുല്‍ താക്കൂറും തമ്മില്‍ മത്സരം നിലനില്‍ക്കുന്നു. റിസ്റ്റ് സ്‌പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും യുസ്‌വേന്ദ്ര ചാഹലിനേയും വിന്‍ഡീസില്‍ ഒരുമിച്ച് കളിപ്പിക്കാനുള്ള സാധ്യത വിരളമാണ് എന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദ് സിറാജ് നാട്ടിലേക്ക് മടങ്ങിയതോടെ പേസറായി മറ്റൊരു താരത്തിന് അവസരമൊരുങ്ങും. ഉമ്രാന്‍ മാലിക് എന്തായാലും വിന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ കളിക്കാനിടയുണ്ട്.
Read more: സഞ്ജു സാംസണ്‍ ചില്ലറക്കാരനല്ല; പട്ടികയില്‍ വമ്പന്‍മാര്‍ക്കൊപ്പം, അവിടെയും ഇഷാന്‍ കിഷന്‍ ഭീഷണി
