ക്യാപ്റ്റന്‍ രോഹിത് സമ്മർദത്തിന് അടിമപ്പെട്ടു, നായകനാക്കേണ്ടിയിരുന്നില്ല എന്നും അക്തർ
ലാഹോർ: വിരാട് കോലിയില്‍ നിന്നാണ് രോഹിത് ശർമ്മ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. എന്നാല്‍ കോലിക്ക് പിന്നാലെ രോഹിത്തും ഐസിസി ട്രോഫി വരള്‍ച്ച നേരിടുകയാണ്. 2013ന് ശേഷം ഇന്ത്യന്‍ ടീമിന് ഐസിസി കിരീടമില്ല എന്നതൊരു സങ്കട യാഥാർഥ്യമായി തുടരുന്നു. ക്യാപ്റ്റന്നെ നിലയില്‍ ഐസിസി ട്വന്‍റി 20 ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും രോഹിത് പരാജമായി. ഇതിന് ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് പാക് മുന്‍ പേസർ ഷൊയൈബ് അക്തർ. താരമെന്ന നിലയില്‍ കോലിയേക്കാള്‍ പ്രതിഭാശാലിയായ രോഹിത് ക്യാപ്റ്റന്‍ സ്ഥാനത്ത് പരാജയമാണ് എന്ന് അക്തർ പറയുന്നു.
'ടീമിന്‍റെയൊന്നാകെ സമ്മർദം സ്വന്തം ചുമലിലേറി നയിച്ചൊരു ക്യാപ്റ്റനുണ്ട്, എം എസ് ധോണി. ടീമിനെയൊന്നാകെ തന്‍റെ പിന്നില്‍ അണിനിരത്താന്‍ കഴിഞ്ഞൊരു ക്യാപ്റ്റന്‍. രോഹിത് മികച്ച താരമാണ്. എന്നാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ മാനസിക സമ്മർദത്തിലായി. ഇത് അല്‍പം കടന്ന വാക്കുകളാവാം, എന്നാലും പറയാം. രോഹിത് ശർമ്മ ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ പാടില്ലായിരുന്നു. ബാറ്റർ എന്ന നിലയില്‍ വിരാട് കോലി പോലും രോഹിത്തിനോളം പ്രതിഭാശാലിയല്ല. ഹിറ്റ്മാന്‍റെ ടൈമിംഗും ഷോട്ടുകളും അദേഹത്തെ ക്ലാസിക് ബാറ്ററാക്കുന്നു. എന്നാല്‍ രോഹിത്തിനെ ക്യാപ്റ്റനാക്കണമായിരുന്നോ? ഞാന്‍ സ്വയം ഏറെത്തവണ ചോദിച്ച കാര്യമാണിത്. ടീം സമ്മർദഘട്ടത്തിലുള്ളപ്പോള്‍ രോഹിത്തിന് നന്നായി പ്രതികരിക്കാന്‍ കഴിഞ്ഞോ? ഇത് രോഹിത് സ്വയം ചോദിക്കേണ്ടതുണ്ട്. രോഹിത്തിന് ഏകദിന ലോകകപ്പ് നേടാനുള്ള ശേഷിയുണ്ട്. ടീമും ആരാധകരും പിന്തുണയായി രോഹിത്തിന് പിന്നിലുണ്ട്' എന്നും അക്തർ കൂട്ടിച്ചേർത്തു.
എം എസ് ധോണിക്ക് കീഴില്‍ ഏകദിന ലോകകപ്പും ട്വന്‍റി 20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും ടീം ഇന്ത്യ നേടിയിരുന്നു. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 2019 ഏകദിന ലോകകപ്പിന്‍റെ സെമിയിലെത്തി. പക്ഷേ 2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലിലും 2021 ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലും പുറത്തായി. രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയാലവട്ടെ 2022 ട്വന്‍റി 20 ലോകകപ്പില്‍ സെമിയില്‍ മടങ്ങാനായിരുന്നു വിധി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വിരാടിനും രോഹിത്തിനും കീഴില്‍ ഇന്ത്യ തുടർച്ചയായ തോല്‍വി വഴങ്ങിയതും ടീമിന് നാണക്കേടായി.
Read more: റുതുരാജ് ക്രിക്കറ്റിലെ പ്രഭുദേവ, നൃത്തച്ചുവടുകൾ പോലെ അഴകാർന്ന ബാറ്റിംഗ്'; പ്രശംസിച്ച് അശ്വിന്‍
