ഫ്ലോറിഡ: ഇന്ത്യ- വിന്‍ഡീസ് ആദ്യ ടി20ക്ക് ഫ്ലോറിഡ ഇന്ന് വേദിയാകുമ്പോള്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ്. ട്വന്‍റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരമെന്ന റെക്കോർഡിനായാണ് രോഹിത് ശർമ്മ ഇറങ്ങുന്നത്. നാല് സിക്സ് കൂടി നേടിയാൽ രോഹിത്തിന് വിന്‍ഡീസിന്‍റെ ക്രിസ് ഗെയ്‍ലിന്‍റെ റെക്കോർഡ് മറികടക്കാം. 

ഗെയ്ൽ 105 സിക്സുമായാണ് ഒന്നാം സ്ഥാനത്തുള്ളത്. 102 സിക്സ് നേടിയ രോഹിത് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 103 സിക്സ് പറത്തിയ മാർട്ടിൻ ഗപ്റ്റിലാണ് രണ്ടാം സ്ഥാനത്ത്.

ഫ്ലോറിഡയില്‍ രാത്രി എട്ടിനാണ് ഇന്ത്യ- വിന്‍ഡീസ് ആദ്യ ടി20. ഏകദിന ലോകകപ്പ് തോൽവി മറക്കാനും നായകന്‍ കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മിൽ അസ്വാരസ്യങ്ങളില്ലെന്ന് ബോധ്യപ്പെടുത്താനും കൂടിയാണ് ഇന്ത്യയിറങ്ങുന്നത്. സ്‌പിന്ന‍ർ രാഹുൽ ചഹറും പേസർ നവദീപ് സെയ്നിയും അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന. പരുക്കേറ്റ ആന്ദ്രേ റസൽ പിൻമാറിയത് വിൻഡീസിന് തിരിച്ചടിയാവും.