പൂനെ: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഗ്രൗണ്ട് കൈയടക്കി ആരാധകര്‍. മത്സരത്തിനിടെ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ഒരു ആരാധകന്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രോഹിത് ശര്‍മയുടെ കാലില്‍ തൊട്ട് തൊഴാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ നിലതെറ്റി രോഹിത് നിലത്തുവീണു. ഇത് ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ചിരി പടര്‍ത്തുകയും ചെയ്തു.

ദക്ഷണാഫ്രിക്കയുടെ സെനുരാന്‍ മുത്തുസ്വാമി പുറത്തായതിന് പിന്നാലെ വെര്‍നോണ്‍ ഫിലാന്‍ഡര്‍ ക്രീസിലെത്തിയപ്പോഴായിരുന്നു സംഭവം. എന്നാല്‍ ഈ സമയം കമന്ററി ബോക്സിലുണ്ടായിരുന്ന സുനില്‍ ഗവാസ്കര്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങുന്നതിനെ നിശിതമായി വിമര്‍ശിച്ചു. എന്തും സംഭവിക്കാമെന്നും കളിക്കാരുടെ സുരക്ഷപോലും അപകടത്തിലാണെന്നും ഗവാസ്കര്‍ പറഞ്ഞു.

സുരക്ഷാ ജീവനക്കാര്‍ എന്ത് ചെയ്യുകയാണെന്നും അവര്‍ സൗജന്യമായി കളി കമ്ടു നില്‍ക്കുകയാണോ എന്നും ഗവാസ്കര്‍ ചോദിച്ചു. സിസി ടിവി ക്യാമറകള്‍ പരിശോധിച്ച് സുരക്ഷാ ജീവനക്കാര്‍ കളി കാണുകയാണോ ആരാധകരെ നിരീക്ഷിക്കുകയാണോ എന്ന് പരിശോധിക്കണമെന്നും ഗവാസ്കര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനിടെയും ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകന്‍ കോലിക്ക് കൈകൊടുക്കുകയും ഒപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയതിനെത്തുടര്‍ന്ന് രണ്ടു തവണ മത്സരം തടസപ്പെട്ടിരുന്നു.