റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓപ്പണര്‍ രോഹിത് ശര്‍മ സെഞ്ചുറി നേടിയതോടെ ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യമായ രോഹിത് ശര്‍മ-മായങ്ക് അഗര്‍വാള്‍ സഖ്യം കുറിച്ചത് പുതിയ ഇന്ത്യന്‍ റെക്കോര്‍ഡ്.1932ല്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയശേഷം ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യം ഒരു ടെസ്റ്റ് പരമ്പരയില്‍ അഞ്ച് സെഞ്ചുറികള്‍ കുറിക്കുന്നത് ഇതാദ്യമാണ്.

പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണറുടെ അഞ്ചാം സെഞ്ചുറിയാണ് ഇന്ന് രോഹിത് റാഞ്ചിയില്‍ കുറിച്ചത്. 1970-71ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒരു പരമ്പരയില്‍ ഒറ്റയ്ക്ക് നാലു സെഞ്ചുറി നേടിയ സുനില്‍ ഗവാസ്കറുടെ റെക്കോര്‍ഡാണ് ഇന്ന് രോഹിത്തിന്റെ സെഞ്ചുറിയോടെ പിന്നിലായത്.

ആദ്യ ടെസ്റ്റില്‍ രോഹിത് രണ്ടും മായങ്ക് ഒരു സെഞ്ചുറിയും നേടിയപ്പോള്‍ രണ്ടാം ടെസ്റ്റിലും മായങ്ക് സെഞ്ചുറി നേടി. മൂന്നാം ടെസ്റ്റില്‍ രോഹിത് സെഞ്ചുറിയുമായി പുറത്താകാതെ നില്‍ക്കുമ്പോള്‍ മായങ്ക് 10 റണ്‍സെടുത്ത് റബാദയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. രോഹിത്തിന്റെ അപരാജിത സെഞ്ചുറിയുടെയും അജിങ്ക്യാ രഹാനെയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെന്ന ശക്തമായ നിലയിലാണ്.