അര്‍ഷ്ദീപ് രണ്ട് വിക്കറ്റ് നേടിയിരുന്നു. അവസാന ഓവര്‍ മനോഹരമായി എറിഞ്ഞ അര്‍ഷ്ദീപാണ് ഇന്ത്യക്ക് അഞ്ച് റണ്‍സിന്റെ വിജയം സമ്മാനിച്ചത്. പിന്നാലെയാണ് ക്യാപ്റ്റന്‍ യുവതാരത്തെ പ്രകീര്‍ത്തിച്ചത്.

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ത്രില്ലിംഗ് വിജയത്തിന് പിന്നാലെ പേസര്‍ അര്‍ഷ്ദീപ് സിംഗിനെ പുകഴ്ത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മഴനിയമപ്രകാരം 5 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മഴ കളിച്ച മത്സരം 16 ഓവറായി ചുരുക്കിയപ്പോള്‍ പുതുക്കി നിശ്ചയിച്ച 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിനെ ഇന്ത്യ 16 ഓവറില്‍ 145-6 എന്ന സ്‌കോറില്‍ തളയ്ക്കുകയായിരുന്നു. 7.2 ഓവറില്‍ 68-1 എന്ന ശക്തമായ നിലയില്‍ നിന്ന ബംഗ്ലാ കടുവകളേയാണ് ടീം ഇന്ത്യ എറിഞ്ഞൊതുക്കിയത്. 

അര്‍ഷ്ദീപ് രണ്ട് വിക്കറ്റ് നേടിയിരുന്നു. അവസാന ഓവര്‍ മനോഹരമായി എറിഞ്ഞ അര്‍ഷ്ദീപാണ് ഇന്ത്യക്ക് അഞ്ച് റണ്‍സിന്റെ വിജയം സമ്മാനിച്ചത്. പിന്നാലെയാണ് ക്യാപ്റ്റന്‍ യുവതാരത്തെ പ്രകീര്‍ത്തിച്ചത്. ''ലോകകപ്പില്‍ തുടരണമെങ്കില്‍ ഞങ്ങള്‍ക്ക് ഈ മത്സരം ജയിക്കണമായിരന്നു. എന്നാല്‍ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. മഴയ്ക്ക് മുമ്പ് അവരുടെ പക്കല്‍ 10 വിക്കറ്റ് ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം കളിമാറി. ടീമില്‍ ജസ്പ്രിത് ബമ്രയില്ല. അദ്ദേഹത്തിന് പകരം മറ്റാരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു. അങ്ങനെയാണ് അവസാന ഓവര്‍ എറിയാന്‍ അര്‍ഷ്ദീപ് സിംഗിനെ ഏല്‍പ്പിക്കുന്നത്. മുഹമ്മദ് ഷമിയെ കൊണ്ട് ചെയ്യിപ്പിക്കണോ എന്ന ചിന്തയും ഉണ്ടായിരുന്നു. എന്നാല്‍ പുതിയൊരാള്‍ ചെയ്യട്ടെയെന്നാണ് കരുതിയത്. അവന്‍ അനായാസമായി സാഹചര്യം കൈകാര്യം ചെയ്യുകയും ചെയ്തു. അതിനുള്ള പരിശീലനമൊക്കെ അര്‍ഷ്ദീപിന് നല്‍കിയിരുന്നു.'' രോഹിത് മത്സരശേഷം പറഞ്ഞു. 

ഇനിയത്രെ പേടിക്കാനില്ല; ടി20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ ഇങ്ങനെ

കെ എല്‍ രാഹുലിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''രാഹുലിന്റെ കഴിവ് എന്താണെന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. അവന്റെ കഴിവിനൊത്ത പ്രകടനം പുറത്തെടുത്താല്‍ ടീമിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കും. വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്തിയെന്ന് ഏഷ്യാകപ്പ് തെളിയിച്ചതാണ്. അദ്ദേഹത്തിന് കുറച്ച് ഇന്നിംഗ്‌സുകള്‍ മതിയായിരുന്നു ഫോമിലെത്താന്‍. അത് ലഭിച്ചു. ബംഗ്ലാദേശിനെതിരെ സമ്മര്‍ദ്ദമേറിയ മത്സരമായിരുന്നു. അതിനൊത്ത് ഞങ്ങളുടെ ഫീല്‍ഡിംഗും മെച്ചപ്പെട്ടു.'' രോഹിത് പറഞ്ഞുനിര്‍ത്തി.

ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ ഒന്നാമതെത്തി. നാല് മത്സരങ്ങളില്‍ ആറ് പോയിന്റാണ് ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ജയത്തോടെ സെമി സാധ്യതകള്‍ ഇന്ത്യ സജീവമാക്കി.