Asianet News MalayalamAsianet News Malayalam

അന്ന് കാണാം നമുക്ക്; ധോണിയുടെ വിരമിക്കലിനെ കുറിച്ച് രോഹിത്തിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായ ധോണി ടീമിനെ മൂന്ന് തവണ കിരീടത്തിലേക്ക് നയിച്ചു. രോഹിത് മൂന്ന് തവണ മുംബൈയേയും കിരീടത്തിലേക്ക് നയിച്ചിരുന്നു.

Rohit Sharma on retirements of dhoni and raina
Author
Mumbai, First Published Aug 16, 2020, 2:54 PM IST

മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓപ്പണര്‍മാരില്‍ ഓരാളാണ് രോഹിത് ശര്‍മ. തുടക്കത്തില്‍ മധ്യനിര ബാറ്റ്‌സ്മാനായിരുന്ന രോഹിത്തിനെ ആദ്യമായി ഓപ്പണറാക്കിയതും ധോണിയാണ്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും മികച്ച ഓപ്പണറെന്ന പേര് രോഹിത്തിനെ തേടിവന്നു. അതിനെല്ലാം പിറകില്‍ ധോണിയാണെന്ന് ഒരിക്കല്‍ രോഹിത് വെളിപ്പെടുത്തിരുന്നു.

കഴിഞ്ഞ ദിവസം ധോണി വിരമിക്കല്‍ തീരുമാനമെടുത്തപ്പോഴും രോഹിത് പ്രതികരണമൊന്നും അറിയിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് രോഹിത് തനിക്ക് പറയാനുള്ളത്  വ്യക്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ തുടരുമെന്ന് ഉറപ്പായിരുന്നു. സെപ്റ്റംപര്‍ 19നാണ് ഐപിഎല്‍ തുടങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായ ധോണി ടീമിനെ മൂന്ന് തവണ കിരീടത്തിലേക്ക് നയിച്ചു. രോഹിത് നാല് തവണ മുംബൈയേയും കിരീടത്തിലേക്ക് നയിച്ചിരുന്നു. 

ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വരുന്നുണ്ട്. അന്ന് കാണാമെന്നാണ് രോഹിത് തന്റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ വ്യക്തമാക്കിയത്. ഹൃദയസ്പര്‍ശിയായ വാക്കുകളും രോഹിത് പോസ്റ്റിന് കൂടെ ചേര്‍ത്തിട്ടുണ്ട്. രോഹിത്തിന്റെ വാക്കുകള്‍... ''ഇന്ത്യന്‍ ക്രിക്കറ്റില്‍ വളരെയധികം സ്വാധീനിക്കപ്പെട്ട ക്രിക്കറ്റര്‍മാരില്‍ ഒരാണാണ് ധോണി. ഗ്രൗണ്ടിനകത്തും പുറത്തും അദ്ദേഹത്തമുണ്ടാക്കിയ സ്വാധീനം അളന്നെടുക്കാന്‍ കഴിയുന്നതല്ല. ക്രിക്കറ്റിനെ ഇത്രത്തോളം പഠിച്ച വ്യക്തിയാണ് അദ്ദേഹം. 

ക്രിക്കറ്റിനെ വായിക്കാനുള്ള കഴിവാണ് ധോണിയെ വ്യത്യസ്തനാക്കുന്നത്. നീല ജേഴ്‌സിയില്‍ അദ്ദേഹത്തെ മിസ് ചെയ്യുമെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം അദ്ദേഹമുണ്ടാവും. സെപ്റ്റംബര്‍ 19ന് ഐപിഎല്‍ ടോസിന്റെ സമയത്ത് കാണാം.'' രോഹിത് കുറിച്ചിട്ടു.

ധോണിക്കൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ സുരേഷ് റെയ്‌നയ്ക്കും രോഹിത് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios