ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്. വിന്‍ഡീസിനെതിരെ ഒരു സിക്സര്‍ കൂടി നേടായില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 400 സിക്സറെന്ന നേട്ടം രോഹിത്തിന് സ്വന്തമാവും.

പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിക്കും(476), ക്രിസ് ഗെയ്‌ലിനും(534) ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ബാറ്റ്സ്മാനെന്ന നേട്ടവും രോഹിത്തിന്റെ പേരിലാവും. ഏകദിനത്തിലും ടി20യിലും അടിച്ചു തകര്‍ത്തിരുന്ന രോഹിത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായു തിളങ്ങിയിരുന്നു. മൂന്ന് ടെസ്റ്റ് പരമ്പരയില്‍ 529 റണ്‍സടിച്ച രോഹിത് 19 സിക്സറുകളും നേടി.

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന റെക്കോര്‍ഡും ഇതോടെ രോഹിത് സ്വന്തമാക്കി. വ്യാഴാഴ്ച ഹൈദരാബാദിലാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം മത്സരം തിരുവനന്തപുരത്തും മൂന്നാം മത്സരം മുംബൈയിലും നടക്കും.