മുംബൈ: ഏറ്റവും മികച്ച അഞ്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുത്ത് രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാമില്‍ ഹര്‍ഭജന്‍ സിംഗുമായി ലൈവ് ചാറ്റില്‍ സംസാരിക്കുകയായിരുന്നു രോഹിത്. സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ്‍, വിരേന്ദര്‍ സെവാവ് എന്നിവരെയാണ് രോഹിത് തിരഞ്ഞെടുത്തത്.

സുനില്‍ ഗവാസ്‌കര്‍, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരുടെ പേരുകള്‍ രോഹിത് പറഞ്ഞിട്ടില്ല. ക്രിക്കറ്റ് കണ്ട് വളരുമ്പോള്‍ സജീവമായിരുന്ന താരങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് രോഹിത് വ്യക്തമാക്കി. ഹിറ്റ്മാന്‍ തുടര്‍ന്നു... ''സച്ചിന്‍ പ്രകടനങ്ങള്‍ കണ്ടാണ് വളര്‍ന്നത്. പിന്നാലെ മറ്റുതാരങ്ങളെ പിന്തുടര്‍ന്നു. 2002 ഇംഗ്ലീഷ് പരമ്പരയില്‍ എത്ര സെഞ്ചുറികളാണ് രാഹുല്‍ ദ്രാവിഡ് നേടിയത്. ബൗളര്‍മാരുടെ ആത്മവിശ്വാസം തല്ലിക്കെടുത്താന്‍ കെല്‍പ്പുളള ബാറ്റ്‌സ്മാനായിരുന്നു വിരേന്ദര്‍ സെവാഗ്. ഇവരെകൂടാതെ സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് എന്റെ പട്ടിക.'' രോഹിത് പറഞ്ഞു.

കൊവിഡ് ഇഫക്ട്: ക്രിക്കറ്റ് പന്തില്‍ തുപ്പല്‍ തേക്കുന്നതിന് പകരം ചുരണ്ടല്‍ നിയമവിധേയമാക്കിയേക്കും

വരും വര്‍ഷങ്ങളില്‍ വരാനുള്ള മൂന്ന് ലോകകപ്പുകളില്‍ രണ്ടെണ്ണമെങ്കിലും സ്വന്തമാക്കുകയാണ് മുന്നിലുള്ള ലക്ഷ്യമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. ''മൂന്ന് ലോകകപ്പുകളാണ് മുന്നിലുള്ളത്. ഇതില്‍ രണ്ടെണ്ണമെങ്കിലും നമ്മള്‍ ജയിക്കണം.'' ഇന്ത്യന്‍ ഓപ്പണര്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ്, അടുത്ത വര്‍ഷം ഇന്ത്യ വേദിയാകുന്ന ടി20 ലോകകപ്പ്, 2023 ഏകദിന ലോകകപ്പ് എന്നിവയെ കുറിച്ചാണ് രോഹിത് സംസാരിച്ചത്.