നിലവില്‍ ട്വന്‍റി 20 ടീമിലില്ലെങ്കിലും 2024ലെ ടി20 ലോകകപ്പില്‍ ടീം ഇന്ത്യ രോഹിത് ശർമ്മയെ കളിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്

മുംബൈ: ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത് ശർമ്മ ബൈ പറഞ്ഞതോടെ ഹിറ്റ്മാന്‍ ആരാധകർ കനത്ത ആശങ്കയില്‍. വരും വർഷം (2024) വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ രോഹിത് ശർമ്മയെ ബിസിസിഐ സീനിയർ സെലക്ടർമാർ കളിപ്പിക്കുമോ എന്ന ആശങ്ക മുംബൈ ഇന്ത്യന്‍സിലെ ക്യാപ്റ്റന്‍സി മാറ്റത്തോടെ ഇരട്ടിച്ചു. 

നിലവില്‍ ട്വന്‍റി 20 ടീമിലില്ലെങ്കിലും 2024ലെ ടി20 ലോകകപ്പില്‍ ടീം ഇന്ത്യ രോഹിത് ശർമ്മയെ കളിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്. രോഹിത്തിനെ ലോകകപ്പില്‍ ക്യാപ്റ്റനാക്കണം എന്ന് വാദിക്കുന്ന ആരാധകരുമുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഹാർദിക് പാണ്ഡ്യക്ക് കൈമാറിയതോടെ രോഹിത് ഇനി ഇന്ത്യന്‍ ടി20 ക്യാപ്റ്റനാവാന്‍ യാതൊരു സാധ്യതയുമില്ല. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായതോടെ ടീം ഇന്ത്യയിലും ഹാർദിക് എന്ന നായകന്‍ ഇനി പിടിമുറുക്കും. ലോകകപ്പിന് മുമ്പ് ഹാർദിക്കിന് പരിക്കിന്‍റെ വെല്ലുവിളിയുണ്ടായാല്‍ സൂര്യകുമാർ യാദവ് അടക്കമുള്ള ക്യാപ്റ്റന്‍സി ഓപ്ഷനുകള്‍ ടീമിന് മുന്നിലുണ്ട്. ഏകദിന ലോകകപ്പിന് ശേഷം ഓസീസിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ടി20 പരമ്പരകളില്‍ അടുത്തിടെ ടീം ഇന്ത്യയെ നയിച്ചത് സൂര്യയായിരുന്നു.

ഐപിഎല്‍ 2024ല്‍ എന്ത് സംഭവിക്കും?

രോഹിത് ശർമ്മയ്ക്ക് ക്യാപ്റ്റനല്ലാതെ ഓപ്പണറുടെ റോളില്‍ ടി20 ലോകകപ്പ് സ്ക്വാഡിലെത്തണമെങ്കില്‍ ഐപിഎല്‍ 2024ല്‍ വിസ്മയ പ്രകടം പുറത്തെടുത്തേ മതിയാകൂ എന്നതൊരു വലിയ വെല്ലുവിളിയാണ്. യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിങ്ങനെ യുവ ഓപ്പണർമാരുടെ നിര ഇപ്പോള്‍ തന്നെ ടി20 ടീമിലുണ്ട്.

ഇതിനാല്‍ തന്നെ ലോകകപ്പില്‍ ഓപ്പണറുടെ റോളില്‍ രോഹിത് ശർമ്മയെ കാണാനാവില്ലേ എന്ന ആശങ്ക ഹിറ്റ്മാന്‍റെ ആരാധകർക്കുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ വിരാട് കോലിയുടെ ടി20 ഭാവി അടഞ്ഞെന്നും എന്നാല്‍ രോഹിത് ലോകകപ്പില്‍ കളിക്കുമെന്നും നേരത്തെ സൂചനകള്‍ പുറത്തുവന്നിരുന്നു. അതേസമയം ലോകകപ്പില്‍ ആര് ക്യാപ്റ്റനാവണം എന്ന് തിടുക്കപ്പെട്ട് തീരുമാനിക്കേണ്ട സാഹചര്യമില്ല എന്നായിരുന്നു ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ മുന്‍ വാക്കുകള്‍. 'ലോകകപ്പിന് മുമ്പ് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയും ഐപിഎല്ലും നടക്കാനുണ്ട്. അത് കഴിഞ്ഞേ ടി20 ലോകകപ്പ് സ്ക്വാഡിന്‍റെ കാര്യത്തില്‍ തീരുമാനമുണ്ടാകൂ' എന്നായിരുന്നു ജയ് ഷായുടെ പ്രതികരണം. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ ടീമിലെത്താന്‍ സാധ്യതയില്ലാത്തതിനാല്‍ ഐപിഎല്‍ 2024 മാത്രമാണ് ട്വന്‍റി 20 ലോകകപ്പ് സ്ക്വാഡിലെത്താന്‍ രോഹിത്തിന് മുന്നിലുള്ള ഏക വഴി. 

Read more: രോഹിത് ശർമ്മയുടെ ക്യാപ്റ്റന്‍സി മാറ്റം ചരിത്ര മണ്ടത്തരമാകുമോ; കാത്തിരുന്ന മറുപടിയുമായി മഹേള ജയവർധനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം