Asianet News MalayalamAsianet News Malayalam

മുതലാളിയുടെ സ്വന്തം കാറില്‍ സ്റ്റേഡിയത്തിലെത്തി രോഹിത്, ഹാര്‍ദ്ദിക്കിന്‍റെ കാര്യം തീരുമാനമായെന്ന് ആരാധകരും

ഇന്നലെ രാത്രിയാണ് ആകാശ് അംബാനി ഓടിച്ച ആഢംബര കാറില്‍ രോഹിത് വാംഖഡെയില്‍ വന്നിറങ്ങിയത്.

Rohit Sharma reach Wankhede ahead of RCB clash in Akash Ambani's luxurious car
Author
First Published Apr 11, 2024, 9:55 AM IST

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു മത്സരത്തിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മ സ്റ്റേഡിയത്തിലെത്തിയത് ടീം ഉടമകളിലൊരാളായ ആകാശ് അംബാനി ഓടിച്ച കാറില്‍. ആകാശ് അംബാനിക്കൊപ്പം രോഹിത് വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സി തെറിക്കുമോ എന്ന ചോദ്യവുമായി മുംബൈ ആരാധകരുമെത്തി.

ഇന്നലെ രാത്രിയാണ് ആകാശ് അംബാനി ഓടിച്ച ആഢംബര കാറില്‍ രോഹിത് വാംഖഡെയില്‍ വന്നിറങ്ങിയത്. ഇന്ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെതിരായ മത്സരത്തിന് മുന്നോടിയായാണ് രോഹിത് വാംഖഡെ സ്റ്റേഡിയത്തിലെത്തിയത്. നേരത്തെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെിരായ തോല്‍വിക്ക് ശേഷം ആകാശ് അംബാനിയും രോഹിത് ശര്‍മയും ഹാര്‍ദ്ദിക്കിനെ സാക്ഷിയാക്കി ഗൗരവമായ ചര്‍ച്ചയിലേര്‍പ്പെട്ടതുമായാണ് ആരാധകര്‍ ഇതിനെ കൂട്ടിവായിക്കുന്നത്.

അവസാന 4 ഓവറുകളില്‍ തന്ത്രം പിഴച്ച് സഞ്ജു, കുല്‍ദീപ് സെന്നിനെ ഉപദേശിച്ച് കുളമാക്കി പരാഗും ബട്‌ലറും

കഴിഞ്ഞ സീസണിലെ താരലേലത്തിന് മുന്നോടിയായി ഹാര്‍ദ്ദിക് പാണ്ഡ്യയെ അപ്രതീക്ഷിതമായി ടീമിലെത്തിച്ച മുംബൈ ഇന്ത്യൻസ് അരാധകരെ ഞെട്ടിച്ചാണ് രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സി സ്ഥാനത്തു നിന്ന് മാറ്റി ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കിയത്. ഇതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് ആരാധകര്‍ കൂട്ടത്തോടെ പിന്തുണ പിന്‍വലിച്ചിരുന്നു.

ഈ സീസണില്‍ കളിച്ച ആദ്യ മൂന്ന് കളികളിലും മുംബൈ നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയെ ആരാധകര്‍ കൂവുകയും രോഹിത് ചാന്‍റ് ഉയര്‍ത്തുകയും ചെയ്തിരുന്നു. രാജസ്ഥാനെതിരായ മുംബൈയുടെ ഹോം മത്സരത്തില്‍ ഹാര്‍ദ്ദിക്കിന് വേണ്ടി കൈയടിക്കാന്‍ അവതാരകനായ സ‍ഞ്ജയ് മഞ്ജരേക്കര്‍ക്ക് ആവശ്യപ്പെടേണ്ടിയും വന്നു. സീസണിലെ ആദ്യ മൂന്ന് കളികളും തോറ്റ മുംബൈ വിമര്‍ശനങ്ങളുടെ മുള്‍ മുനയില്‍ നില്‍ക്കുമ്പോഴാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ ഹോം മത്സരം ജയിച്ചത്. സീസണില്‍ നാലു മത്സരങ്ങളില്‍ ഒരു ജയവുമായി മുംബൈ പോയന്‍റ് പട്ടികയില്‍ എട്ടാമതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios