അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ ഓപ്പണറായി കളിച്ചിട്ടില്ലാത്ത താരമാണ് രോഹിത് ശര്‍മ. ഫോമിലല്ലാത്ത കെ എല്‍ രാഹുലിന് പകരമായി രോഹിത്തിന് ഓപ്പണറായി സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു.
വിജയനഗരം: ഇന്ത്യയുടെ പുതിയ ടെസ്റ്റ് ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് നാളെ ആദ്യ പരീക്ഷണം. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പുള്ള പരിശീലന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക നാളെ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ നേരിടും. ഇന്ത്യന്‍ ഇലവനെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. മായങ്ക് അഗര്‍വാളിനൊപ്പം ഒരറ്റത്ത് ഓപ്പണ്‍ ചെയ്യുന്നതും രോഹിത് ശര്‍മയായിരിക്കും.
അത്ര എളുപ്പമായിരിക്കില്ല രോഹിത്തിന്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇക്കഴിഞ്ഞ ടി20യില്‍ മോശം പ്രകടനമായിരുന്നു താരത്തിന്റേത്. രണ്ട് മത്സരങ്ങളിലും 10 റണ്‍സില്‍ കൂടുതല്‍ റണ്‍സെടുക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കഴിവ് തെളിയിക്കേണ്ടത് താരത്തിന്റെ കടമയാണ്. ഫോമിലല്ലാത്ത കെ എല്‍ രാഹുലിനെ പുറത്തിരുത്തിയാണ് രോഹിത്തിനെ ഓപ്പണിങ് ദൗത്യം ഏല്‍പ്പിച്ചത്.
ടെസ്റ്റില്‍ ഇതുവരെ ഓപ്പണറായി കളിച്ചിട്ടില്ല രോഹിത്. മധ്യനിരയിലായിരുന്നു മുംബൈ താരത്തിന്റെ സ്ഥാനം. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി കളിക്കുന്ന ജലജ് സക്സേന ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാതി മലയാളിയായ കരുണ്‍ നായരും ടീമിലുണ്ട്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടത്തിയ ഓള്‍റൗണ്ട് പ്രകടനമാണ് സക്സേനയെ ടീമിലെത്തിച്ചത്. ദുലീപ് ട്രോഫിയിലെ പ്രകടനം കരുണിന് തുണയായി.
ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പ്രിയങ്ക് പാഞ്ചല്‍, അഭിമന്യൂ ഈശ്വരന്‍, കരുണ്‍ നായര്‍, സിദ്ധേഷ് ലാഡ്, കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, ധര്‍മേന്ദ്രസിങ് ജഡേജ, ആവേഷ് ഖാന്‍, ഇശാന്‍ പോറല്‍, ഷാര്‍ദുല്‍ ഠാകൂര്‍, ഉമേഷ് യാദവ്.
