Asianet News MalayalamAsianet News Malayalam

അത് ആനന്ദ കണ്ണീരായിരുന്നില്ല; മൂന്നാം ഡബിള്‍ സെഞ്ചുറി നേട്ടത്തിന് പിന്നാലെ ഭാര്യ കരഞ്ഞതിനെക്കുറിച്ച് രോഹിത്

2017ല്‍ ശ്രീലങ്കക്കെതിരെ മൊഹാലിയിലായിരുന്നു രോഹിത് കരിയറിലെ മൂന്നാം ഡബിള്‍ സെ‌ഞ്ചുറി തികച്ചത്. 153 പന്തില്‍ 208 റണ്‍സാണ് രോഹിത് അന്ന് അടിച്ചെതുത്തത്.

Rohit Sharma recalls wife Ritikas emotional moment after third double century
Author
Mumbai, First Published Jun 6, 2020, 7:19 PM IST

മുംബൈ: ഇന്ത്യ താരം രോഹിത് ശര്‍മ ചരിത്രനേട്ടം കുറിക്കുമ്പോഴെല്ലാം പ്രചോദനമായി ഗ്യാലറിയില്‍ ഭാര്യ റിതികയുമുണ്ടാവും. രോഹിത് കരിയറിലെ മൂന്നാം ഏകദിന ഡബിള്‍ സെഞ്ചുറിയെന്ന ചരിത്ര നേട്ടത്തിലെത്തിയപ്പോഴും റിതിക ഗ്യാലറിയിലുണ്ടായിരുന്നു. അന്ന് പക്ഷെ രോഹിത് ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കി ഡ്രസ്സിംഗ് റൂമിന് നേരെ നോക്കി ബാറ്റുയര്‍ത്തിയപ്പോള്‍ പൊട്ടിക്കരയുന്ന റിതികയെ ആണ് ആരാധകര്‍ കണ്ടത്.

ആ കരച്ചിലിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് രോഹിത് ഇപ്പോള്‍. 2017ല്‍ ശ്രീലങ്കക്കെതിരെ മൊഹാലിയിലായിരുന്നു രോഹിത് കരിയറിലെ മൂന്നാം ഡബിള്‍ സെ‌ഞ്ചുറി തികച്ചത്. 153 പന്തില്‍ 208 റണ്‍സാണ് രോഹിത് അന്ന് അടിച്ചെതുത്തത്. തന്റെ വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യക്ക് നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനമായിരുന്നു അതെന്ന് ഇന്ത്യന്‍ ടീമിലെ സഹതാരമായ മായങ്ക് അഗര്‍വാളുമായുള്ള വീഡിയോ സംഭാഷണത്തില്‍ രോഹിത് പറഞ്ഞു.

Rohit Sharma recalls wife Ritikas emotional moment after third double century
ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കി ബാറ്റുയര്‍ത്തിയപ്പോള്‍ ഞാനും അല്‍പം വികാരാധീനനായി. കാരണം എന്റെ വിവാഹവാര്‍ഷിക ദിനമായിരുന്നു അന്ന്. എന്നാല്‍ ഡ്രസ്സിംഗ് റൂമിലേക്ക് നോക്കിയപ്പോള്‍ അവിടെയിരുന്ന് കണ്ണീര്‍വാര്‍ക്കുന്ന റിതികയെ ആണ് ഞാന്‍ കണ്ടത്. ആദ്യമെനിക്ക് കാര്യം മനസിലായില്ല. പിന്നീട് ഡ്രസ്സിംഗ് റൂമില്‍ എത്തി കാര്യമെന്താണെന്ന് ചോദിച്ചപ്പോഴാണ് റിതിക കാര്യം തുറന്നു പറഞ്ഞത്. 196ല്‍ നില്‍ക്കുമ്പോള്‍ റണ്ണൗട്ടാവാതിരിക്കാനായി ഞാന്‍ ക്രീസിലേക്ക് ഡൈവ് ചെയ്തിരുന്നു. ആ വീഴ്ചയില്‍ എന്റെ കൈക്കുഴ തിരിഞ്ഞുപോയെന്നാണ് റിതിക വിചാരിച്ചത്. എന്റെ വീഴ്ചയാണ് അവളെ സങ്കടത്തിലാക്കിയത്-രോഹിത് പറഞ്ഞു.

Also Read:ഒരോവറിലെ ആറു പന്തുകള്‍ ആറ് തരത്തില്‍ സിക്സടിക്കാന്‍ അയാള്‍ക്കാവുമെന്ന് ബ്രെറ്റ് ലീ

ആ മത്സരത്തില്‍ സെഞ്ചുറി അടിച്ചശേഷവും ഡബിള്‍ സെഞ്ചുറി അടിക്കാനാവുമെന്ന് കരുതിയിരുന്നില്ലെന്നും രോഹിത് പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ അല്‍പം പതുക്കെയാണ് ബാറ്റ് ചെയ്തിരുന്നത്. എന്നാല്‍ 125 റണ്‍സ് പിന്നിട്ടാല്‍ പിന്നെ ആത്മവിശ്വാസമാകും. കാരണം ബൗളര്‍മാരും അപ്പോഴേക്കും സമ്മര്‍ദ്ദത്തിലാവും. അതിനുശേഷം നമ്മള്‍ പിഴവ് വരുത്തിയില്ലെങ്കില്‍ പുറത്താക്കാനാവില്ല എന്ന് എനിക്കുറപ്പുണ്ട്-രോഹിത് പറഞ്ഞു. മത്സരത്തില്‍ 13 ഫോറും 12 സിക്സും സഹിതമാണ് രോഹിത് 208 റണ്‍സടിച്ചത്. രോഹിത്തിന്റെ ഡബിള്‍ സെഞ്ചുറി കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സടിച്ചു കൂട്ടുകും ചെയ്തു.

Follow Us:
Download App:
  • android
  • ios