മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി രോഹിത് ശര്‍മയെ തെരഞ്ഞെടുത്തു. ചേതേശ്വര്‍ പൂജാരക്ക് പകരമാണ് രോഹിത്തിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. പിതൃത്വ അവധിയെടുത്ത് ക്യാപ്റ്റന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങിയതിനെത്തുടര്‍ന്ന് അജിങ്ക്യാ രഹാനെ ക്യാപ്റ്റനായപ്പോഴാണ് പൂജാരയെ വൈസ് ക്യാപ്റ്റനാക്കിയത്.

എന്നാല്‍ ഒരു ടെസ്റ്റിനുശേഷം രോഹിത്തിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയായിരുന്നു. വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതോടെ രോഹിത് മൂന്നാം ടെസ്റ്റില്‍ കളിക്കാനുള്ള സാധ്യതയേറി. ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത് ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത തെളിയിച്ചശേഷമാണ് അവസാന രണ്ട് ടെസ്റ്റുകളില്‍ കളിക്കാനായി ഓസ്ട്രേലിയയിലേക്ക് പോയത്.

ഓസ്ട്രേലിയയിലെത്തിയ രോഹിത്തിന് സിഡ്നിയില്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാക്കേണ്ടിവന്നു. ഇതിനുശേഷം ബുധനാഴ്ചയാണ് രോഹിത് ടീമിനൊപ്പം ചേര്‍ന്നത്. അടുത്ത മാസം ഏഴിന് സിഡ്നിയില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ രോഹിത് തന്നെ ഓപ്പണറായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  രോഹിത് എത്തുമ്പോള്‍ മായങ്ക് അഗര്‍വാളോ ഹനുമാ വിഹാരിയോ പുറത്താവും.