മുംബൈ: കരിയറിലെ ഏറ്റവും മികച്ച വര്‍ഷത്തിലൂടെയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ മുന്നോട്ട് പോകുന്നത്. ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടി റെക്കോര്‍ഡ് പ്രകടനം നടത്തിയതിന് പിന്നാലെ അവഗണിച്ചവര്‍ക്ക് മുന്നില്‍ ടെസ്റ്റ് ഓപ്പണറായി പ്രതിഭ തെളിയിച്ചു ഹിറ്റ്മാന്‍. എല്ലാ ഫോര്‍മാറ്റുകളിലുമായി 50ന് മുകളില്‍ ബാറ്റിംഗ് ശരാശരിയുമായി 2113 റണ്‍സാണ് രോഹിത് ഈ കലണ്ടര്‍ വര്‍ഷത്തില്‍ അടിച്ചു കൂട്ടിയത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോലി മാത്രമാണ് 2296 റണ്‍സുമായി രോഹിത്തിന് മുന്നിലുള്ളത്. എന്നാല്‍, ബാറ്റിംഗ് വിസ്ഫോടനത്തിന് പേരുകേട്ട രോഹിത്തിന് ട്വന്‍റി 20യില്‍ അത്ര മികവിലേക്ക് എത്താന്‍ ഈ വര്‍ഷം സാധിച്ചിട്ടില്ല. 13 ട്വന്‍റി 20കളില്‍ നിന്നായി 325 റണ്‍സ് മാത്രമാണ് ഹിറ്റ്മാന് നേടാനായത്. കഴിഞ്ഞ ആറ് വര്‍ഷത്തെ ബാറ്റിംഗ് ശരാശരി നോക്കുമ്പോള്‍ ട്വന്‍റി 20യില്‍ രോഹിത്തിന്‍റെ ഏറ്റവും മോശം വര്‍ഷമാണ് 2019.

ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നിര്‍ണായകമായ മൂന്നാം ട്വന്‍റി 20യില്‍ ഇറങ്ങുമ്പോള്‍ രോഹിത്തിന്‍റെ വെടിക്കെട്ടിനായി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. മത്സരത്തിന് മുമ്പ് ടീം തന്നെ ഏല്‍പ്പിച്ചിട്ടുള്ള ദൗത്യം കൃത്യമായി ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് രോഹിത് പറഞ്ഞു. ആദ്യ ബാറ്റ് ചെയ്യുമ്പോഴോ പിന്തുടര്‍ന്ന് കളിക്കുമ്പോഴോ തന്‍റെ ശൈലിക്ക് മാറ്റം വരാറില്ലെന്ന് രോഹിത് പറഞ്ഞു.

ബാറ്റിംഗിനിറങ്ങി ആദ്യ കുറച്ച് പന്തുകളില്‍ പിച്ചിന്‍റെ സ്വഭാവം മനസിലാക്കാനാണ് ശ്രമിക്കുക. അത് മനസിലാക്കിയാല്‍ പിന്നെ ഷോട്ടുകള്‍ കൃത്യമായി കളിക്കാന്‍ സാധിക്കും. കൂടെ കളിക്കുന്നയാളുടെ ബാറ്റിംഗും നിര്‍ണായകമാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. ട്വന്‍റി 20യിൽ വിന്‍ഡീസ് അപകടകാരികളാണ്. ലോകകപ്പിനായി ഒരുങ്ങുന്നതിനേക്കാള്‍ മത്സരിക്കുന്ന ഓരോ പരമ്പരയും ജയിക്കാനാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടതെന്നും ഹിറ്റ്മാന്‍ പറഞ്ഞു.