മുംബൈ: ക്രിക്കറ്റിലെന്നപോെല സോഷ്യല്‍ മീഡിയയിലും താരമാണ് രോഹിത് ശര്‍മ. തമാശയായും ഗൗരമേറിയ കാര്യമായാലും താരം ആരാധകര്‍ക്ക് മുമ്പില്‍ എത്താറുണ്ട്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭം നടക്കുന്ന സമയത്തും താരം നിലപാട് അറിയിച്ചിരുന്നു. ''ദില്ലിയിലെ കാഴ്ചകള്‍ ഒരിക്കലും നല്ലതായി തോന്നുന്നില്ല. എല്ലാം ഉടനെ നേരയാവുമെന്ന് തന്നെ കരുതാം.'' എന്ന് രോഹിത് ട്വീറ്റ് ചെയ്തിരുന്നു. റയല്‍ മാഡ്രിഡിന്റെ ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂ സന്ദര്‍ശിക്കുന്ന വീഡിയോയും താരം പങ്കുവെക്കുകയുണ്ടായി.

ഇപ്പോഴിതാ കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വീഡിയോ പുറത്തിരിക്കുകയാണ് രോഹിത്. ഒരു ജനതയ്ക്കുള്ള സന്ദേശമാണ് രോഹിത് നല്‍കിയിരിക്കുന്നത്. രോഹിത്തിന്റെ ചുരുക്കം വാക്കുകളിങ്ങനെ... ''കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് ഒരു വിഷമഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോയികൊണ്ടിരിക്കുന്നത്. നമ്മുടെ ചുറ്റുപാടുകളെ കുറിച്ച് അറിയണം. ലക്ഷണങ്ങള്‍ കാണിച്ചാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക. കാരണം നമ്മുടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകണം, നമുക്കെല്ലാവര്‍ക്കും തിയേറ്ററില്‍ പോയി സിനിമ കാണണം. രോഗികളുടെ പരിചരണത്തിനായി ത്യാഗം സഹിക്കുന്ന എല്ലാ ഡോക്റ്റര്‍മാരേയും നേഴസുമാരേയും എന്തുപറഞ്ഞ് അഭിനന്ദിക്കണം എന്നറിയില്ല.'' രോഹിത് പറഞ്ഞു. ഹിറ്റ്മാന്റെ വീഡിയോ കാണാം.

പരിക്ക് കാരണം വിശ്രമത്തിലാണ് രോഹിത്. പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരായ ഏകദിന ടെസ്റ്റ് പരമ്പരകള്‍ താരത്തിന് നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലും താരം ഉള്‍പ്പെട്ടിരുന്നില്ല.