ടെസ്റ്റിലൊന്നാകെ മൂന്ന് നിര്‍ണായക വിക്കറ്റുകളും വീഴ്ത്തി. ഒരുഘട്ടത്തില്‍ ഠാക്കൂര്‍ മാന്‍ ഓഫ് ദ മാച്ചാവുമെന്ന് പലരും കരുതി.

ലണ്ടന്‍: ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയെ ജയിപ്പിക്കുന്നതില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത താരമാണ് ഷാര്‍ദുല്‍ ഠാക്കൂര്‍. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗിനെത്തിയപ്പോള്‍ 57 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിംഗ്‌സില്‍ 60 റണ്‍സും സ്വന്തമാക്കി. ടെസ്റ്റിലൊന്നാകെ മൂന്ന് നിര്‍ണായക വിക്കറ്റുകളും വീഴ്ത്തി. ഒരുഘട്ടത്തില്‍ ഠാക്കൂര്‍ മാന്‍ ഓഫ് ദ മാച്ചാവുമെന്ന് പലരും കരുതി. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ രോഹിത് ശര്‍മയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്.

ഠാക്കൂറും മാന്‍ ഓഫ് ദ മാച്ചിന് അര്‍ഹനാണെന്നാണ് രോഹിത് പറയുന്നത്. മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം... ''ശരിയാണ്, മാന്‍ ഓഫ് ദ മാച്ച് എനിക്കാണ് ലഭിച്ചത്. എന്നാല്‍ ഠാക്കൂറും മാന്‍ ഓഫ് ദ മാച്ചിന് അര്‍ഹനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ പ്രകടനം നോക്കൂ. പന്തുകൊണ്ടും ബാറ്റുകൊണ്ടും നന്നായി കളിക്കാന്‍ ഠാക്കൂറിനായി. രണ്ടാം ഇന്നിംഗ്‌സില്‍ ജോ റൂട്ടിനെ വീഴ്ത്തിയതടക്കം നിര്‍ണായ ബ്രേക്ക് ത്രൂ അദ്ദേഹം ഇന്ത്യക്ക് സമ്മാനിച്ചു. വിജയത്തില്‍ നിര്‍ണായക പങ്കുണ്ട് അവന്.

ബാറ്റിംഗ് പ്രകടനം എങ്ങനെയാണ് മറക്കുക. ടീമിന് ആവശ്യമുള്ള സമയങ്ങളിലെല്ലാം അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ ഇന്നിംഗ്‌സില്‍ 31 പന്തുകളില്‍ നിന്ന് നേടിയ 50 റണ്‍സ് അവന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്.'' രോഹിത് പറഞ്ഞു.

മാഞ്ചസ്റ്ററില്‍ നടക്കുന്ന അവസാന ടെസ്റ്റിനെ കുറിച്ചും രോഹിത് വാചാലനായി. ''2-1ന് മുന്നിലെത്തിയത് ഏറെ സന്തോഷിപ്പിക്കുന്നു. എന്നാല്‍ ഒന്നും അവസാനിച്ചിട്ടില്ല. ഒരു ടെസ്റ്റ് ബാക്കിയുണ്ട്. മാഞ്ചസ്റ്ററിലും ജയിക്കാന്‍ കഴിയണം.'' രോഹിത് പറഞ്ഞുനിര്‍ത്തി.

ഓവലില്‍ 157 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 368 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ 210 റണ്‍സിന് പുറത്താക്കുകയായിരുന്നു.