വിജയനഗരം: ടെസ്റ്റ് ഓപ്പണറാവാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ. ഏകദിനത്തില്‍ വമ്പന്‍ ഇന്നിംഗ്‌സുകള്‍ കളിക്കുന്ന രോഹിത്തിന് ടെസ്റ്റ് ഓപ്പണറായും തിളങ്ങാനാവുമെന്ന് വിശ്വസിക്കുന്നവരേറെ. എന്നാല്‍ ഈ വിശ്വാസമെല്ലാം തച്ചുതകര്‍ക്കുന്ന പരാജയമാണ് ടെസ്റ്റ് ഓപ്പണിംഗ് അരങ്ങേറ്റത്തിന് മുമ്പുള്ള പരിശീലന മത്സരത്തില്‍ രോഹിത് കാട്ടിയത്. 

നാണംകെട്ട പുറത്താവല്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബോര്‍ഡ് പ്രസിഡന്‍റ്‌സ് ഇലവനായി ഇന്ത്യന്‍ ഇന്നിംഗ്‌സ് തുടങ്ങിയ ഹിറ്റ്‌മാന്‍ രണ്ട് പന്തുകള്‍ മാത്രം നേരിട്ട് പൂജ്യത്തില്‍ മടങ്ങി. വെര്‍നോണ്‍ ഫിലാന്‍ഡറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്‍‌റിച്ച് ക്ലാസന്‍ പിടിച്ചായിരുന്നു രോഹിത്തിന്‍റെ മടക്കം. ത്രിദിന മത്സരത്തില്‍ ബോര്‍ഡ് പ്രസിഡ‌ന്‍റ്‌സ് ഇലവന്‍റെ നായകന്‍ കൂടിയാണ് രോഹിത് ശര്‍മ്മ. 

ടെസ്റ്റ് ഓപ്പണറാവാന്‍ ഹിറ്റ്‌മാന്‍ 

ഒക്‌ടോബര്‍ രണ്ടിന് വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലാവും മായങ്ക് അഗര്‍വാളിനൊപ്പം രോഹിത് ശര്‍മ്മ ടെസ്റ്റ് ഓപ്പണറായി പാഡണിയുക. ഇത്രയും കാലം മധ്യനിരയിലായിരുന്നു രോഹിത് ടെസ്റ്റില്‍ കളിച്ചിരുന്നത്. മധ്യനിരയില്‍ അജിങ്ക്യ രഹാനെ അടക്കമുള്ള സ്ഥിരതാരങ്ങളുടെ സാന്നിധ്യവും ഓപ്പണിംഗ് ബാറ്റ്സ്‌മാന്‍മാരുടെ തുടര്‍പരാജയങ്ങളുമാണ് ഇന്നിംഗ്‌സിന് തുടക്കമിടാന്‍ രോഹിത് ശര്‍മ്മയ്‌ക്ക് അവസരമൊരുക്കുന്നത്. 

മധ്യനിരയില്‍ രഹാനെ മികവ് തുടരുന്നതിനാല്‍ രോഹിത്തിന് അവസരം നല്‍കുക അത്ര പ്രായോഗികമല്ല. മികവ് കാട്ടുന്ന ഹനുമ വിഹാരിക്ക് അര്‍ഹിച്ച അവസരം നല്‍കാതിരിക്കാനും ടീം മാനേജ്‌മെന്‍റിനാവില്ല. വിന്‍ഡീസിനെതിരെ കെ എല്‍ രാഹുല്‍ മോശം ഫോം തുടര്‍ന്നതാണ് രോഹിത്തിനെ ഓപ്പണിംഗില്‍ പരിഗണിക്കാനുള്ള മറ്റൊരു കാരണം. 2010 ജൂലൈക്ക് ശേഷം കളിച്ച 10 ഇന്നിംഗ്‌സുകളില്‍ വെറും 25 ശരാശരിയില്‍ 228 റണ്‍സ് മാത്രമാണ് രാഹുലിന്‍റെ ബാറ്റില്‍ പിറന്നത്. അര്‍ധ സെഞ്ചുറി പിന്നിട്ടത് ഒരു തവണ മാത്രവും. 

രോഹിത്തിന് പിന്തുണയും വിമര്‍ശനവും

ടെസ്റ്റ് ടീമില്‍ രോഹിത്തിന് സ്ഥിരാവസരം നല്‍കണമെന്ന് മുന്‍ താരങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത്തിനെ പോലൊരു ബാറ്റ്സ്‌മാനെ നിര്‍ബന്ധമായും കളിപ്പിച്ചിരിക്കണമെന്നും ബഞ്ചിലിരുത്തരുതെന്നും മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു. രോഹിത്തിനെ ഓപ്പണറാക്കണമെന്ന് വാദിച്ചവരില്‍ ഇതിഹാസ താരങ്ങളായ സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്‌മണുമുണ്ട്. 

പരിശീലന മത്സരത്തില്‍ പരാജയപ്പെട്ടതോടെ രോഹിത്തിന്‍റെ ഓപ്പണിംഗ് സ്ഥാനം വീണ്ടും ചര്‍ച്ചയാവുകയാണ്. നിരവധി താരങ്ങള്‍ പിന്തുണയ്‌ക്കുമ്പോഴും രോഹിത്തിനെ ടെസ്റ്റ് ഓപ്പണറാക്കാന്‍ കൊള്ളില്ല എന്ന വാദിക്കുന്ന ആരാധകരുണ്ട്. രോഹിത്തിന് പകരം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുന്ന അഭിമന്യു ഈശ്വരനെയും പ്രിയങ്ക പാഞ്ചലിനെയും ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ദിനേശ് മോംഗിയ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രോഹിത് ശര്‍മ്മ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ വന്ന ചില പ്രതികരണങ്ങള്‍ നോക്കാം.