റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇരട്ട സെഞ്ചുറി നേടിയതോടെ നിരവധി റെക്കോഡുകളാണ് ഇന്ത്യയുടെ പുതിയ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പേരിലായത്. ഒരു ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോഡ് ജാക്വസ് കാലിസില്‍ നിന്ന് രോഹിത് തട്ടിയെടുത്തിരുന്നു. ഇപ്പോഴിത ഒരു പരമ്പരയില്‍ 500ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഓപ്പണര്‍മാരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് രോഹിത്.

പരമ്പരയില്‍ ഇതുവരെ 514 റണ്‍സാണ് രോഹിത് നേടിയത്. ഓപ്പണറായ ആദ്യ പരമ്പരയില്‍ തന്നെ രോഹിത്തിന് 500ല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ സാധിച്ചു. ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ അഞ്ച് തവണ 500 റണ്‍സില്‍ കൂടുതല്‍ നേടിയിട്ടുണ്ട്.

വിനു മങ്കാങ്ക്, ബുദ്ധി കുന്ദേരന്‍, വിരേന്ദര്‍ സെവാഗ് എന്നിവരാണ് ഒരു പരമ്പരയില്‍ 500ല്‍ അധികം റണ്‍സ് നേടിയ മറ്റു ഇന്ത്യന്‍ ഓപ്പണര്‍മാര്‍.