ജോര്‍ജ്ടൗണ്‍: ക്രിക്കറ്റ് കരിയറിലെ അവസാന ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുകയാണ് വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. ചില റെക്കോഡുകളും ഗെയ്‌ലിനെ കാത്തിരിക്കുന്നുണ്ട്. 11 റണ്‍സ് കൂടി നേടിയാല്‍ വിന്‍ഡീസ് ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാവും ഗെയ്ല്‍. ഒരു മത്സരം കൂടി കളിച്ചാല്‍ വിന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിനം കളിച്ച താരം കൂടിയാവും ഗെയ്ല്‍.

ഇതിനിടെ ക്രിസ് ഗെയ്‌ലുമൊത്തുള്ള ഒരു ഫോട്ടോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. ജേഴ്‌സി നമ്പര്‍ കാണിക്കുന്ന രീതിയില്‍ പുറംതിരിഞ്ഞാണ് ഇരുവരും നില്‍ക്കുന്നത്. രണ്ട് പേരുടെയും ജേഴ്‌സി നമ്പര്‍ 45-ാണ്. ഇതുകാണിച്ചുകൊണ്ടാണ് ഇരുവരും നില്‍ക്കുന്നത്.

നേരത്തെ ടി20യില്‍ ഒരു ഗെയ്‌ലിന്റെ ഒരു റെക്കോഡും രോഹിത് സ്വന്തമാക്കിയിരുന്നു. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ സ്വന്തമാക്കുന്ന താരം എന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. 105 സിക്സുകള്‍ നേടിയിട്ടുണ്ടായിരുന്ന വെസ്റ്റ് ഇന്‍ഡീസ് താരം ഗെയ്‌ലിന്റെ റെക്കോഡാണ് രോഹിത് മറികടന്നത്. ഇപ്പോള്‍ 107 സിക്‌സുകളാണ് ഹിറ്റ്മാന്റെ പേരിലുള്ളത്.