രഞ്ജി ട്രോഫിയില്‍ മോശം ഫോമിലാണ് മുംബൈ. 41 തവണ ചാംപ്യന്മാരായ മുംബൈക്ക് തുര്‍ച്ചയായി രണ്ട് തവണ തോല്‍വി വഴങ്ങേണ്ടിവന്നു. അതും ഇന്ത്യന്‍ താരങ്ങളായ അജിന്‍ക്യ രഹാനെ, പൃഥ്വി ഷാ എന്നിവര്‍ ഉള്‍പ്പെടുന്ന ടീമിന്.

മുംബൈ: രഞ്ജി ട്രോഫിയില്‍ മോശം ഫോമിലാണ് മുംബൈ. 41 തവണ ചാംപ്യന്മാരായ മുംബൈക്ക് തുര്‍ച്ചയായി രണ്ട് തവണ തോല്‍വി വഴങ്ങേണ്ടിവന്നു. അതും ഇന്ത്യന്‍ താരങ്ങളായ അജിന്‍ക്യ രഹാനെ, പൃഥ്വി ഷാ എന്നിവര്‍ ഉള്‍പ്പെടുന്ന ടീമിന്. തുടര്‍തോല്‍വികളില്‍ ക്ഷീണിച്ചിരിക്കുന്ന മുംബൈ ടീമിന് ആശ്വാസവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. 15 മിനിറ്റോളം താരം മുംബൈ ടീമംഗങ്ങളുമായി സംസാരിച്ചു. മുംബൈ കോച്ച് വിനായക് സാമന്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു രോഹിത്തിന്റെ സന്ദര്‍ശനം.

2006- 07 സീസണില്‍ ഒരു പോയിന്റ് പോലും കിട്ടാത്ത മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ടീം കിരീടം നേടിയ കാര്യങ്ങളാണ് രോഹിത് ക്യാംപില്‍ പങ്കുവച്ചത്. ഇക്കാര്യങ്ങള്‍ ടീമംഗങ്ങള്‍ക്ക് പ്രചോദനമാവുമെന്നാണ് സാമന്തിന്റെ അഭിപ്രായം. ടീമിന് ഇനിയും തിരിച്ചെത്താന്‍ കഴിയുമെന്ന് രോഹിത് താരങ്ങള്‍ക്ക് ഉപദേശം നല്‍കി. ഇത്തരം തിരിച്ചുവരവുകള്‍ വിജയത്തേക്കാള്‍ വലിയ മധുരം നല്‍കുമെന്നും രോഹിത് താരങ്ങളോട് പറഞ്ഞു. 

നിലവില്‍ വിശ്രമത്തിലാണ് രോഹിത് ശര്‍മ. ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ടി20 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ രോഹിത്തിന് പകരം രാഹുലാണ് കളിക്കുന്നത്. പരമ്പരയിലെ ആദ്യ ടി20 മഴ മുടക്കിയപ്പോള്‍ രണ്ടാം മത്സരം ഇന്ത്യ ജയിച്ചിരുന്നു.