വിക്കറ്റുകള്‍ നഷ്ടമായ അവസ്ഥയില്‍ ഒരവസരം എടുക്കണമെന്ന് അദ്ദേഹം വളരെ ദൃഢനിശ്ചയത്തിലായിരുന്നു. വിജയത്തിലേക്ക് അത്രയും അടുപ്പിച്ചത് അതിശയകരമാണെന്നും ദ്രാവിഡ് പറഞ്ഞു

മിര്‍പുര്‍: പരിക്കിനെ വകവയ്ക്കാതെ ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ മികച്ച പോരാട്ടം കാഴ്ചവെച്ച നായകന്‍ രോഹിത് ശര്‍മയെ വാനോളം പുകഴ്ത്തി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. പരിക്കേറ്റ രോഹിത്തിനെ ആശുപത്രിയില്‍ കൊണ്ട് പോകേണ്ടി വന്നിരുന്നു. അദ്ദേഹത്തിന്‍റെ കൈയിൽ ഗുരുതരമായ ഡിസ്‍ലൊക്കേഷനുണ്ടായിരുന്നുവെന്ന് ദ്രാവിഡ് പറഞ്ഞു. രണ്ട് ഇഞ്ചക്ഷനുകള്‍ എടുത്ത ശേഷം ക്രീസിലേക്ക് മടങ്ങിയെത്തിയാണ് രോഹിത് വേദന സഹിച്ച് ബാറ്റ് ചെയ്തത്.

വിക്കറ്റുകള്‍ നഷ്ടമായ അവസ്ഥയില്‍ ഒരവസരം എടുക്കണമെന്ന് അദ്ദേഹം വളരെ ദൃഢനിശ്ചയത്തിലായിരുന്നു. വിജയത്തിലേക്ക് അത്രയും അടുപ്പിച്ചത് അതിശയകരമാണെന്നും ദ്രാവിഡ് പറഞ്ഞു. രണ്ടാം ഏകദിനത്തില്‍ തന്നെ വളരെ പാടുപെട്ടാണ് രോഹിത് ശര്‍മ്മ ബാറ്റിംഗിന് ഇറങ്ങിയത്. സ്ഥിരം ഓപ്പണറായ രോഹിത് ടീം തോല്‍വിയുടെ അരികില്‍ നില്‍ക്കേ 9-ാമനായി ക്രീസിലെത്തി വെടിക്കെട്ട് അര്‍ധസെഞ്ചുറിയും സ്വന്തമാക്കി.

എന്നാല്‍ ഇടത്തേ തള്ളവിരലില്‍ സ്റ്റിച്ചിട്ടാണ് രോഹിത് കളിക്കാനെത്തിയത്. വിരലില്‍ ഗ്ലൗസിന് പുറമെയുള്ള ബാന്‍ഡേജ് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ കാണാനായി. ഇത് ആരാധകര്‍ക്ക് കണ്ണുനനയ്ക്കുന്ന കാഴ്‌ചയായി. സ്റ്റിച്ചിട്ട വിരലുമായി ബാറ്റേന്തിയ രോഹിത്തിന് ബിഗ് സല്യൂട്ട് നല്‍കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഫീല്‍ഡിംഗിനിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് രോഹിത് ചികിത്സ തേടിയത്. എന്നാല്‍ പൊട്ടലുകളൊന്നുമില്ല എന്നത് രോഹിത്തിനും ഇന്ത്യന്‍ ടീമിനും ആശ്വാസമായി.

പരിക്കേറ്റ കൈയുമായി ബാറ്റിംഗിന് ഇറങ്ങിയ രോഹിത് ശര്‍മ്മ 28 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സറും ഉള്‍പ്പടെ പുറത്താവാതെ 51 റണ്‍സ് അടിച്ചെടുത്തിരുന്നു. പക്ഷേ അഞ്ച് റണ്‍സിന്‍റെ തോല്‍വി ഇന്ത്യ നേരിട്ടു. ബംഗ്ലാദേശിന്‍റെ 271 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി ബാറ്റിംഗ് 50 ഓവറില്‍ 9 വിക്കറ്റിന് 266 റണ്‍സെടുക്കാനേയായുള്ളൂ. 102 പന്തില്‍ 82 റണ്‍സ് നേടിയ ശ്രേയസ് അയ്യരും 56 പന്തില്‍ 56 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും മാത്രമാണ് തിളങ്ങിയ മറ്റ് ബാറ്റര്‍മാര്‍. സെഞ്ചുറിയും രണ്ട് വിക്കറ്റുമായി മെഹിദി ഹസന്‍ മിറാസാണ്(83 പന്തില്‍ 100) ബംഗ്ലാ കടുവകളുടെ വിജയശില്‍പി. 

പവറാർന്നൊരടി! ചരിത്രത്താളുകളില്‍ പൊന്‍ലിപികളാല്‍ പേരെഴുതി ഹിറ്റ്മാന്‍; വമ്പനടിക്കാർ വരെ പിന്നില്‍