ഇന്ത്യന്‍ ടീം ക്യാംപിലെത്തിയ രോഹിത് കളിയില്‍ ശ്രദ്ധയൂന്നി എങ്ങനെയാണ് സമ്മര്‍ദ്ദ ഘട്ടങ്ങളെ അതിജീവിക്കേണ്ടതെന്ന് കളിക്കാരോട് വിശദീകരിച്ചു. രോഹിത്തിനെ യുവതാരങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ടിരിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ബിസിസിഐ പങ്കുവെച്ചു.

ബെംഗലൂരു: ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യയുടെ അണ്ടര്‍-19 ടീം(U-19 Asia Cup) അംഗങ്ങള്‍ക്ക് സീനിയര്‍ ടീം നായകന്‍ രോഹിത് ശര്‍മയുടെ(Rohit Sharma) സ്റ്റ‍ഡി ക്ലാസ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കായി(IND vs SA) പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റ രോഹിത് നിലവില്‍ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ആണുള്ളത്. കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനം തുടരുന്ന രോഹിത് ഇതിനിടെയാണ് അണ്ടര്‍ 19 താരങ്ങളെ കാണാന്‍ സമയം കണ്ടെത്തിയത്.

ഇന്ത്യന്‍ ടീം ക്യാംപിലെത്തിയ രോഹിത് കളിയില്‍ ശ്രദ്ധയൂന്നി എങ്ങനെയാണ് സമ്മര്‍ദ്ദ ഘട്ടങ്ങളെ അതിജീവിക്കേണ്ടതെന്ന് കളിക്കാരോട് വിശദീകരിച്ചു. രോഹിത്തിനെ യുവതാരങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ടിരിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ബിസിസിഐ പങ്കുവെച്ചു.

യുവതാരം യാഷ് ദുള്ളിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പിനൊരുങ്ങുന്നത്. ഈ മാസം യുഎഇയിലാണ് ടൂര്‍ണമെന്‍റ്. അടുത്തവര്‍ഷം നടക്കക്കുന്ന അണ്ടര്‍-19 ലോകകപ്പിലും ഇന്ത്യയെ പ്രതനിധീകരിക്കുക ഈ സംഘമായിരിക്കും.

Scroll to load tweet…

2006ല്‍ അണ്ടര്‍-19 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഫൈനല്‍ കളിച്ച ടീമില്‍ അംഗമായിരുന്നു രോഹിത് ശര്‍മ. തന്‍റെ അനുവഭസമ്പത്ത് യുവതാരങ്ങളോട് വിശദീകരിച്ച രോഹിത് അവരെ പ്രചോദിപ്പിക്കാനും മറന്നില്ല. രോഹിത്തുമായുള്ള ആശയവിനിമയത്തിനിടെ ചിലയ യുവതാരങ്ങള്‍ എങ്ങനെയാണ് സമ്മര്‍ദ്ദഘട്ടങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും ഇന്നിംഗ്സ് കെട്ടിപ്പടുക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നും ചോദിച്ചു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാറ്റുവീശാനായിരുന്നു യുവതാരങ്ങളോട് രോഹിത്തിന്‍റെ ഉപദേശം.

കഴിഞ്ഞ ആഴ്ടചയാണ് അണ്ടര്‍-19 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ടീം അംഗങ്ങളെല്ലാം നിലവില്‍ ബെംഗലൂരുവിലെ പരിശീലന ക്യാംപിലാണുള്ളത്. ടി20 ലോകകപ്പിനുശേഷം വിരാട് കോലിയില്‍ നിന്ന് ടി20 ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത രോഹിത്തിനെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തൊട്ടുമുമ്പ് സെലക്ടര്‍മാര്‍ പുതിയ ഏകദിന നായകനായും തെരഞ്ഞെടുത്തിരുന്നു.

ടെസ്റ്റ് ടീമിന്‍റെ പുതിയ വൈസ് ക്യാപ്റ്റനായും രോഹിത്തിനെ തെരഞ്ഞെടുത്തെങ്കിലും പരിക്കു മൂലം രോഹിത്തിന് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര പൂര്‍ണമായും നഷ്ടമാവും. രോഹിത്തിന് പുറമെ പരിക്കുമൂലം ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന രവീന്ദ്ര ജഡേജയും ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുണ്ട്.