എഡ്ജ്ബാസ്റ്റണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയുമായി ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിന് കരുത്തു പകര്‍ന്നത് ഓപ്പണര്‍ റോറി ബേണ്‍സായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ 11 റണ്‍സ് മാത്രമെടുത്ത് അഞ്ചാം ദിനം തുടക്കത്തിലെ ബേണ്‍സ് പുറത്തായി.

രണ്ടാം ഇന്നിംഗ്സില്‍ തിളങ്ങിയില്ലെങ്കിലും അഞ്ചാം ദിനം ക്രീസിലെത്തിയതോടെ ബേണ്‍സ് സ്വന്തമാക്കിയത് അപൂര്‍വ നേട്ടമാണ്. ആഷസ് ടെസ്റ്റില്‍ അഞ്ച് ദിവസവും ക്രീസിലിറങ്ങുന്ന രണ്ടാമത്തെ മാത്രം ഇംഗ്ലീഷ് ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് ബേണ്‍സ് ഇന്ന് സ്വന്തമാക്കിയത്. ജെഫ് ബോയ്ക്കോട്ടാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഇംഗ്ലീഷ് താരം.

ടെസ്റ്റ് ചരിത്രത്തില്‍ അഞ്ച് ദിവസവും ക്രീസിലിറങ്ങിയ പത്താമത്തെ ബാറ്റ്സ്മാനാണ് ബേണ്‍സ്. ഇന്ത്യന്‍ താരങ്ങളില്‍ രവി ശാസ്ത്രി, ചേതേശ്വര്‍ പൂജാര എന്നിവര്‍ ഈ നേട്ടം സ്വന്തമാക്കിയവരാണ്. ആഷസ് അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡ് നേരത്തെ ബേണ്‍സ് സ്വന്തമാക്കിയിരുന്നു.