ജയ്പൂര്‍: ഐപിഎല്ലില്‍ താരലേലത്തിന് മുന്നോടിയായുള്ള താരകൈമാറ്റത്തിനുള്ള സമയം ഇന്നലെയാണ് അവസാനിച്ചത്. ഓരോ ടീമും നിലനിര്‍ത്തിയ കളിക്കാരെയും ഒഴിവാക്കിയ കളിക്കാരെയുംക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ മലയാളി താരം സഞ്ജു സാംസണെ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വില്‍ക്കുന്നോ എന്ന ചോദ്യവുമായി ഒരു ആരാധകന്‍ എത്തി.

അജിങ്ക്യാ രഹാനെയെ രാജസ്ഥാന്‍ ഡല്‍ഹിക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു സഞ്ജുവിനെയും കൊടുക്കുന്നോ എന്ന് ആരാധകന്റെ ചോദ്യം. എന്നാല്‍ ഇതിന് രാജസ്ഥാന്‍ റോയല്‍ നല്‍കിയ മറുപടിയായിരുന്ന രസകരം, ബാംഗ്ലൂരിന്റെ എ.ബി.ഡിവില്ലിയേഴ്സിനെയും ക്യാപ്റ്റനായ വിരാട് കോലിയെയും വില്‍ക്കാന്‍ നിങ്ങള്‍ തയാറുണ്ടോ എങ്കില്‍ നോക്കാമെന്നായിരുന്നു രാജസ്ഥാന്റെ മറുപടി. റോയല്‍ ചലഞ്ചേഴ്സിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു രാജസ്ഥാന്റെ മറുപടി.

എന്നാല്‍ മിസ്റ്റര്‍ നാഗിനെ നിങ്ങള്‍ക്ക് തരാം എന്നായിരുന്നു ഇതിന് ബാംഗ്ലൂരിന്റെ മറുപടി. ഒപ്പം അദ്ദേഹം വൈകാതെ ഇങ്ങോട്ട് തന്നെ തിരിച്ചെത്തുമെന്നും അറിയാമെന്നും ബാഗ്ലൂര്‍ മറുപടിയില്‍ കുറിച്ചു. സ്റ്റീവ് സ്മിത്തിനെ വില്‍ക്കാന്‍ തയാറുണ്ടോ എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. താങ്കള്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയനാണോ എന്നായിരുന്നു ഇതിന് രാജസ്ഥാന്റെ മറുപടി.